നിപാ ഭീതി വീണ്ടും ഉയർന്ന സാഹചര്യത്തിൽ; നാം അറിയേണ്ട ചില കാര്യങ്ങള്‍

കേരളത്തില്‍ വീണ്ടും നിപാ ഭീതി പടര്‍ന്നിരിക്കുകയാണ്. ഏറണാകുളത്ത് നിന്നാണ് ഇപ്പോള്‍ നിപാ വാര്‍ത്തകള്‍ വരുന്നത്. ഈ സാഹചര്യത്തില്‍ മുന്‍ കരുതലുകള്‍ ശക്തമാക്കിയിരിക്കുകയാണ് അയൽ സംസ്ഥാനങ്ങളായ കർണാടകവും തമിഴ് നാടും.

1997 ന്‍റെ തുടക്കത്തില്‍ ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും നാട്ടിലേക്ക് തിരിച്ചു. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യൻ നരിച്ചീറുകൾ ആകട്ടെ കൃഷിയിടങ്ങളിലേക്ക് പറന്നിറങ്ങി.

ചെറിയ കാർഷിക നഷ്ടത്തിന് കാരണമായി എങ്കിലും ആരും ഇത് അത്ര കാര്യമാക്കിയില്ല. എന്നാൽ അധികം വൈകാതെ മലേഷ്യയിലെ വൻ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികൾ കൂട്ടമായി മരണത്തിന് കീഴടങ്ങി. എന്നാൽ സത്യത്തിൽ ഈ അവസ്ഥ ഏറെ ഭീഷണമായത് സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോളാണ്. ഇരുന്നൂറിൽ പരം പേരെയാണ് രോഗം ബാധിച്ചത്.

ഇതിൽ നൂറിലധികം ആളുകൾ മരണപ്പെടുകയും ചെയ്തു. ഇതൊരു പുതിയ രോഗമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ആശങ്ക വർധിച്ചു. അവസാനം ഒരു രോഗിയുടെ തലച്ചോറിനുള്ളിലെ നീരിൽ നിന്നും വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിച്ചതോടെയാണ് അസുഖ കാരിയായ വൈറസിന്‍റെ സാന്നിധ്യം ലോകം തിരിച്ചറിഞ്ഞത്.

ഹെനിപാ വൈറസ് ജീനസിലെ ഒരു പുതിയ അംഗം ആയിരുന്നു ഇത്. മലേഷ്യയിലെ Kampung Baru Sungai Nipah എന്ന സ്ഥലത്ത് നിന്ന് ആദ്യം വേർതിരിച്ചെടുത്തതുകൊണ്ട് അതേ പേരാണ് വൈറസിന് ഇട്ടത്; നിപാ വൈറസ്. പാരാമിക്സോവൈറിഡേ ഫാമിലിയിലെ അംഗമാണ് ഇവൻ. ആർഎൻഎ വൈറസ് ആണ്. പന്നികൾക്ക് മലേഷ്യൻ നരിച്ചീറുകളിൽ നിന്നാണ് രോഗം പകർന്നത് എന്ന് കണ്ടെത്തിയതോടെ മലേഷ്യൻ നരിച്ചീറുകളിൽ ഈ രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു.

നിപ വൈറസ് പകരുന്നത്:

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം.

– അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.

– വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.

രോഗ ലക്ഷണങ്ങള്‍ ഇങ്ങനെ:

അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം.

– പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ.

– ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ച മങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം.

രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

ഇത് എങ്ങനെ തിരിച്ചറിയാം:

– തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്.

– അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും.

– മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാൻ സാധിക്കും.

ആർക്കെങ്കിലും അസുഖം സ്ഥിരീകരിച്ചാൽ ശ്രെദ്ധിക്കുക:

മനുഷ്യനിലേക്ക് ഈ വൈറസ് കയറിയാൽ ഏകദേശം ഏഴു മുതൽ 14 ദിവസം വരെ ഇൻക്യുബേഷൻ ഉണ്ടാകാം.
 
– രോഗിയുമായി സമ്പർക്കം ഉണ്ടായതിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
– രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
– രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
ഇവയൊക്കെയാണ് പ്രധാന മുന്‍കരുതലായി പറയുന്നത്. ഈ അവസരത്തിൽ ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുവാൻ ശ്രദ്ധിക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us