ന്യൂഡൽഹി: വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കൂടും. കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കുമുള്ള തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 21 ശതമാനംവരെ കൂടും. ഈ മാസം 16-ന് വർധന നടപ്പാവും. ഇതുസംബന്ധിച്ച് ഇൻഷുറൻസ് റെഗുലേറ്ററി അൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐ.ആർ.ഡി.ഐ.) ഉത്തരവ് പുറപ്പെടുവിച്ചു.
സാധാരണയായി ഏപ്രിലിലാണ് ഇൻഷുറൻസ് നിരക്കുകളിൽ മാറ്റം വരുത്താറ്. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ തീരുമാനമെടുത്തിരുന്നില്ല. 1000 സിസിയിൽ കുറവുള്ള കാറുകൾക്ക് 2,072 രൂപയാണ് പുതുക്കിയ നിരക്ക്. നിലവിൽ 1850 രൂപയാണ്. വർധന 12 ശതമാനം. 1000 മുതൽ 1500 വരെ സി.സി.യുള്ളവയ്ക്ക് 3,221 രൂപയാണ് പുതുക്കിയ പ്രീമിയം. 12.5 ശതമാനം വർധന.
പുതിയ കാറുകൾ വാങ്ങുമ്പോൾ മൂന്നുവർഷത്തേക്കുള്ള തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഒരുമിച്ചടയ്ക്കണം. ഇരുചക്ര വാഹനങ്ങൾക്ക് അഞ്ചുവർഷത്തേക്കുള്ള പ്രീമിയമാണ് ഒരുമിച്ചടയ്ക്കേണ്ടത്.
1500 സി.സി.ക്ക് മുകളിലുള്ള പ്രീമിയം കാറുകളുടെ നിരക്ക് കൂട്ടിയിട്ടില്ല; 7890 രൂപ തുടരും. സ്കൂൾബസിന്റെയും പൊതു-സ്വകാര്യ ചരക്കുവാഹനങ്ങളുടെയും തേഡ് പാർട്ടി പ്രീമിയത്തിലും വർധനയുണ്ട്.
75 സി.സി.യിൽ താഴെയുള്ള ഇരുചക്രവാഹനങ്ങളുടെ പ്രീമിയം 12.88 ശതമാനംകൂടി 482 രൂപയാകും. 75 മുതൽ 150 വരെ സി.സി.യുള്ളവയ്ക്ക് 752 രൂപയാണ് പ്രീമിയം. 150 മുതൽ 350വരെ സി.സി.യുള്ള ഇരുചക്രവാഹനങ്ങളുടെ പ്രീമിയമാണ് ഏറ്റവും കൂടിയത്. നിലവിലുള്ള 985 രൂപയിൽ നിന്ന് 21.11 ശതമാനം വർധിച്ച് 1,193 രൂപയായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.