ബെംഗളൂരു:യാഥാർഥ്യമാണെന്ന് തോന്നിപ്പിക്കും വിധം തന്മയത്വത്തോടെ സാങ്കൽപ്പിക കഥകളും കഥാപാത്രങ്ങളും സൃഷ്ടിക്കുക എന്നത് എഴുത്തുകാരന്റെ കഴിവാണ് .എന്റെ എഴുത്തും അത്തരത്തിലുള്ളതാണ് .എന്റെ കഥകളും കഥാപാത്രങ്ങളും സങ്കല്പമാണോ യാഥാർഥ്യമാണോ എന്ന് എനിക്കുപോലുമറിയില്ല .കാരണം എഴുതുമ്പോൾ ഞാൻ തികച്ചും മറ്റൊരാളാണ് .എന്റെ സങ്കൽപം വായനക്കാർക്ക് യാഥാർഥ്യമായിത്തോന്നാം;യാഥാർഥ്യം സങ്കല്പമാണെന്നും .ചിലപ്പോൾ യാഥാർഥ്യവും സങ്കല്പവും കൂടിച്ചേർന്ന് മറ്റൊന്നായി രൂപപ്പെടുകയും ചെയ്യും .എഴുത്തിലെ ഈ ടെക്നിക് എന്റെ കണ്ടുപിടുത്തമൊന്നുമല്ല .
ആദ്യകാല നോവലുകൾ എന്നു വിവക്ഷിക്കാവുന്ന മഹാഭാരതത്തിലും രാമായണത്തിലും അതുണ്ട് ..ആ വിദ്യ എന്റേതായ രീതിയിൽ ഞാൻ പ്രയോഗിക്കുന്നു എന്നുമാത്രം …പ്രസിദ്ധ നോവലിസ്റ്റും മാതൃഭുമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായ സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു .
ബെംഗളൂരുവിലെ സഹൃദയ വേദി സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .ആദ്യ നോവലായ ‘മനുഷ്യന് ഒരു ആമുഖം’ ,പുതിയ നോവൽ സമുദ്രശില എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു .മനുഷ്യന് ഒരു ആമുഖം സ്ത്രീവിരുദ്ധ രചനയാണെന്ന ആക്ഷേപമുണ്ടായിരുന്നു .വാസ്തവത്തിൽ അങ്ങനെയല്ല ,ഞാൻ സത്രീവിരുദ്ധനുമല്ല .എന്നിട്ടും വിമർശകർ ആഘോഷിച്ചു .അതിനുളള മറുപടിയാണ് സമുദ്രശില .സ്ത്രീകൾ മുമ്പെങ്ങോ എഴുതേണ്ടിയിരുന്ന കാര്യങ്ങൾ അംബ എന്ന മുഖ്യകഥാപാത്രത്തിൽ പരകായപ്രവേശം നടത്തി ഞാനെഴുതുകയാണ് .
സുഭാഷ് ചന്ദ്രൻ എന്ന ഞാൻ നോവലിലെ മറ്റൊരു കഥാപാത്രമാണ് .ഒരു എഴുത്തുകാരന് പുതുതായി എന്തെങ്കിലും പറയാനുണ്ടോ എന്ന് തീരുമാനിക്കുന്നത് അയാളുടെ രണ്ടാമത്തെ സൃഷ്ടിയാണെന്ന് പറയാറുണ്ട് .എന്റെ രണ്ടാമത്തെ നോവലും വായനക്കാർ ഏറ്റെടുത്തതിൽ സന്തോഷമുണ്ട് ..അദ്ദേഹം പറഞ്ഞു .സുധാകരൻ രാമന്തളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരത്തിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുത്തു .സമുദ്രശിലയുടെ ഏതാനും കോപ്പികൾ പ്രസാധകരായ മാതൃഭുമി ബുക്സ് എത്തിച്ചിരുന്നു .നോവലിന്റെ കോപ്പി ഗ്രന്ഥകാരനിൽ നിന്ന് ഒപ്പിട്ടുവാങ്ങാൻ ആളുകൾ മത്സരിച്ചത് കൗതുകമുണർത്തി .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.