ബെംഗളൂരു: കോൺഗ്രസ്, ദൾ നേതാക്കൾ താമസിച്ച ഹോട്ടലുകളിൽ വ്യാപക റെയ്ഡ്. ഒന്നും കണ്ടെത്താനാവാതെ ആദായനികുതി വകുപ്പ്. രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിയതോടെ നേതാക്കളെ നോട്ടമിട്ട് അവർ താമസിച്ച ഹോട്ടലുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. കോൺഗ്രസും ബി. ജെ.പി.യും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കുന്ദ്ഗോളിലും ചിഞ്ചോളിയിലും വോട്ടർമാരെ സ്വാധീനിക്കാൻ പണമൊഴുക്കുന്നതായ പരാതി ശക്തമായ സാഹചര്യത്തിലാണ് ആദായനികുതി വകുപ്പിന്റെ നടപടി.
ഹുബ്ബള്ളിയിൽ മന്ത്രി ഡി.കെ. ശിവകുമാറും നേതാക്കളും താമസിച്ച ഹോട്ടലുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. എന്നാൽ ഒന്നും കണ്ടെത്താനായില്ല. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി താമസിച്ച ഹോട്ടലിലും റെയ്ഡ് നടന്നെങ്കിലും അവിടെയും ഒന്നും കണ്ടെത്താനായില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആദായനികുതി ഉദ്യോഗസ്ഥരെ പരിശോധന നടത്താൻ അനുവദിച്ചില്ലെന്ന റിപ്പോർട്ടുണ്ട്. മന്ത്രി ഡി.കെ. ശിവകുമാറിനെതിരേ ബി. ജെ.പി. നൽകിയ പരാതിയിലാണ് ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്.
ബി.ജെ.പി യുടെ സമർദത്തിന് വഴങ്ങി ഏകപക്ഷീയമായാണ് റെയ്ഡ് നടക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ബി.ജെ.പി. നേതാക്കൾ താമസിക്കുന്ന ഹോട്ടലുകളിൽ റെയ്ഡ് നടത്താത്തത് എന്തു കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണം വെള്ളിയാഴ്ച അവസാനിക്കും.
സഖ്യസർക്കാരിന്റെ ഭാവിയെ ബാധിക്കുന്ന തിരഞ്ഞെടുപ്പായതിനാൽ കോൺഗ്രസും ബി.ജെ. പി.യും സർവസന്നാഹവും ഉപയോഗിച്ച് പ്രചാരണത്തിലാണ്. കോൺഗ്രസിന് സിറ്റിങ് മണ്ഡലങ്ങൾ നിലനിർത്താനായില്ലെങ്കിൽ കനത്ത തിരിച്ചടിയാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.