ഡൽഹി: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ പ്ലേഓഫ് കാണാതെ പുറത്ത്; ബാംഗ്ലൂരിനെ വീഴ്ത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലേഓഫിലേക്കു യോഗ്യത നേടി. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ പതിനാറ് റൺസിന് കീഴടക്കിയ ഡെൽഹി 2012നുശേഷം ആദ്യമായാണ് പ്ലേഓഫ് കളിക്കാൻ യോഗ്യരാകുന്നത്. അതേസമയം, നേരത്തേ തന്നെ പുറത്താവലിന്‍റെ വക്കിലായിരുന്ന ആര്‍സിബി ഈ തോല്‍വിയോടെ പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു. ഈ സീസണില്‍ പ്ലേഓഫിലെത്തിയ രണ്ടാമത്തെ ടീമാണ് ഡല്‍ഹി.
നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്സാണ് പ്ലേഓഫില്‍ കടന്ന മറ്റൊരു ടീം. മെച്ചപ്പെട്ട നെറ്റ് റൺറേറ്റാണ് ഡെൽഹിക്ക് തുണയായത്. ചെന്നൈയ്ക്കും പന്ത്രണ്ട് കളികളിൽ നിന്ന് പതിനാറ് പോയിന്റാണുള്ളത്. പന്ത്രണ്ട് കളികളിൽ എട്ടും തോറ്റ ആർ.സി.ബിയാണ് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാനം.
ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തപ്പോള്‍ ബാംഗ്ലൂരിന് 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നേരത്തെ ശിഖര്‍ ധവാന്റെയും(50) ശ്രേയസ് അയ്യരുടേയും(52) അര്‍ധശതകങ്ങളാണ് ഡല്‍ഹി ഇന്നിങ്‌സിന് കരുത്തായത്. പൃഥ്വി ഷാ(18), റുഥര്‍ഫോര്‍ഡ്(28), അക്‌സര്‍ പട്ടേല്‍(16) എന്നിവരും സ്‌കോര്‍ ചെയ്തു.
മികച്ച തുടക്കം ലഭിച്ച ഡല്‍ഹി ഒരവസരത്തില്‍ 200 റണ്‍സ് കടക്കുമെന്ന് തോന്നിച്ചതാണ്. എന്നാല്‍ തുടര്‍ച്ചയായി വിക്കറ്റ് വീണതോടെ ടീം സമ്മര്‍ദ്ദത്തിലായി. അവസാന രണ്ട് ഓവറില്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ നിയന്ത്രണമില്ലാതെ പന്തെറിഞ്ഞതോടെയാണ് മോശമല്ലാത്ത സ്‌കോറിലെത്തിയത്. ബാംഗ്ലൂരിനുവേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനും മികച്ച തുടക്കമാണ് ലഭിച്ചത്. പാര്‍ഥിവ് പട്ടേലും(39) വിരാട് കോലിയും(23) ടീമിന് ആശിച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്നവര്‍ക്ക് അവസരം മുതലെടുക്കാനായില്ല. എബി ഡിവില്ലിയേഴ്‌സ്(17), ശിവം ദുബെ(24), ഗുര്‍ക്രീത് സിങ്(27), മാര്‍ക്കസ് സ്റ്റോയ്‌നിസ്(32) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍.
റബാഡയും അമിത് മിശ്രയും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. സ്പിന്നര്‍മാരെ തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പിച്ചില്‍ ഡല്‍ഹിക്കുവേണ്ടി ക്രിസ് മോറിസിന് പകരം സന്ദീപ് ലാമിഷാനെ തിരിച്ചെത്തി. ബാംഗ്ലൂര്‍ മോയീന്‍ അലിക്കു പകരം ഹെന്റിച്ച് ക്ലാസനെ ടീമിലെടുത്തു. ടിം സൗത്തിക്ക് പകരം ശിവം ദുബെയും ആകാശ്ദീപ് നാഥിന് പകരം ഗുര്‍ക്രീത് മാന്‍ സിങ്ങും തിരിച്ചെത്തി.
മൂന്ന് വിദേശ താരങ്ങള്‍ മാത്രമാണ് ബാംഗ്ലൂരിനായി കളിക്കാനിറങ്ങിയത്. തുടര്‍തോല്‍വികള്‍ക്കുശേഷം ടൂര്‍ണമെന്റില്‍ ശക്തമായി തിരിച്ചെത്തിയ ബാംഗ്ലൂര്‍ വിജയത്തുടര്‍ച്ച സ്വപ്നം കാണ്ടാണ് കളിക്കാനിറങ്ങിയത്. എന്നാല്‍ നിലവിലെ മിന്നും ഫോം തുടര്‍ന്ന ഡല്‍ഹിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ബൗളിങ്ങിലെ വീഴ്ച ബാംഗ്ലൂരിന് ഒരിക്കല്‍ക്കൂടി തിരിച്ചടിയായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.