ബെംഗളൂരു: വിമത ശല്യം ഒഴിയാതെ കോൺഗ്രസ് വലയുന്നു. അതിനിടെ കോൺഗ്രസ് വിമതരെ ജനതാദൾ എസിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കോൺഗ്രസിൽ വിമതനീക്കം നടത്തുന്ന മുതിർന്ന നേതാവ് രമേശ് ജാർക്കിഹോളിയെയാണ് കുമാരസ്വാമി പാർട്ടിയിലേക്ക് ക്ഷണിച്ചത്.
വിഭാഗീയത അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വിമതനേതാക്കളുമായി സംസാരിച്ചത്. കോൺഗ്രസിൽനിന്ന് രാജിവെക്കണമെന്നത് ഉറച്ച തീരുമാനമാണെങ്കിൽ ജനതാദളിൽ ചേരാമെന്നും മന്ത്രിസ്ഥാനം നൽകാമെന്നും കുമാരസ്വാമി വാഗ്ദാനം ചെയ്തെന്നാണ് റിപ്പോർട്ട്. അടച്ചിട്ട മുറിയിൽ അരമണിക്കൂറോളം ഇരു നേതാക്കളും ചർച്ച നടത്തിയിരുന്നു.
ബെലഗാവിയിൽനിന്ന് അഞ്ചുതവണ എം.എൽ.എ.യും മുൻമന്ത്രിയുമായ രമേശ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ നടക്കുന്ന വിമതനീക്കം സഖ്യസർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അനുയായികളോടൊപ്പം രാജിവെക്കുമെന്നാണ് ഭീഷണി. ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മന്ത്രി ഡി.കെ. ശിവകുമാർ എന്നിവരാണ് അനുനയ നീക്കത്തിന് നേതൃത്വം നൽകുന്നത്. ഇവരുടെ നിർദേശപ്രകാരമാണ് മുഖ്യമന്ത്രി കുമാരസ്വാമി വിമതരുമായി ചർച്ച നടത്തിയത്.
സർക്കാരിന് ഭീഷണിയില്ലെന്നും ഭരണപക്ഷത്തുനിന്ന് ആരും രാജിവെക്കില്ലെന്നും ചർച്ചകൾക്കുശേഷം കുമാരസ്വാമി പറഞ്ഞു. വിമതപക്ഷത്തുള്ള ബി. നഗേന്ദ്ര എം.എൽ.എ.യും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിമതനേതാക്കളെ സ്വന്തം പാർട്ടിയിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രിയുടെ നീക്കത്തിൽ കോൺഗ്രസിനുള്ളിലും എതിർപ്പുണ്ട്.
കോൺഗ്രസ് എം.എൽ.എ.മാരായ രമേശ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി, ശ്രീമന്ത് പാട്ടീൽ, ഭീമനായിക്ക്, ബി. നാഗേന്ദ്ര എന്നിവരാണ് വിമതപക്ഷത്തുള്ളത്. എന്നാൽ രമേശ് ജാർക്കിഹോളി ഒഴികെയുള്ളവർ രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രമേശ് ജാർക്കിഹോളി ഇവരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതാണ് കോൺഗ്രസിന് ആശങ്കയുണ്ടാക്കുന്നത്. ഒറ്റയ്ക്ക് രാജിവെക്കില്ലെന്നും കൂട്ടരാജിയാണ് ലക്ഷ്യമെന്നും രമേശ് ജാർക്കിഹോളിയും വ്യക്തമാക്കിയിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പുഫലം വരെ വിമത പക്ഷത്തുള്ളവരുടെ രാജിയുണ്ടാവില്ലെന്നാണ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസ്-ദൾ സഖ്യത്തിന് തിരിച്ചടിയായാൽ സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലാകും. പ്രതിസന്ധി ഘട്ടത്തിൽ വിമതർ കോൺഗ്രസ് വിടാനുള്ള സാധ്യതയും തള്ളാനാകില്ല. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിലപാടും നിർണായകമാണ്. മൈസൂരുവിൽ കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടാൽ സർക്കാരുണ്ടാവില്ലെന്ന മുന്നറിയിപ്പ് സിദ്ധരാമയ്യ നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.