സ്ഥിരമായി തൊഴിലുടമയുടെ ഗുണ്ടകളുടെ ക്രൂരമായ ആക്രമണങ്ങൾ നേരിട്ട കുട്ടികളടങ്ങുന്ന ഏഴംഗകുടുംബത്തിന് അവസാനം മോചനം!

ബെംഗളൂരു: സ്ഥിരമായി തൊഴിലുടമയുടെ ഗുണ്ടകളുടെ ക്രൂരമായ ആക്രമണങ്ങൾ നേരിട്ട കുട്ടികളടങ്ങുന്ന ഏഴംഗകുടുംബത്തിന് അവസാനം മോചനം. സ്വകാര്യ കെട്ടിട ഉടമ അടിമപ്പണി ചെയ്യിച്ച തമിഴ്‌നാട് വില്ലുപുരം സ്വദേശികളായ കുടുംബത്തെയാണ് സാമൂഹികപ്രവർത്തകർ ഇടപെട്ട് മോചിപ്പിച്ചത്. ഏഴംഗകുടുംബം ഇവരുടെ ഒരു ബന്ധുവിന്റെ സംരക്ഷണയിലാണിപ്പോൾ.

സംഘത്തിൽ ഏഴുദിവസം പ്രായമുള്ള കുഞ്ഞും രണ്ടു കുട്ടികളുമുണ്ട്. തൊഴിലുടമയുടെ ഗുണ്ടകൾ സ്ഥിരമായി ഇവരെ ഉപദ്രവിച്ചിരുന്നതായി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനയായ ആൾട്ടർനേറ്റീവ് ലോ ഫോറം ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് ഫോറം ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതിനൽകി.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടോടെ ബെംഗളൂരു ഷാംപുര റോഡിൽ തൊഴിലുടമയുടെ ഗുണ്ടകൾ ആക്രമിക്കുന്നതിനിടെയാണ് സാമൂഹികപ്രവർത്തകർ ഇവരെ കണ്ടെത്തുന്നത്. ഗുണ്ടകൾ മർദിക്കുന്നതുകണ്ട് സമീപത്തുണ്ടായിരുന്ന സാമൂഹികപ്രവർത്തകൻ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇതോടെ ഗുണ്ടകൾ പിന്തിരിഞ്ഞു. ഏഴുവർഷംമുമ്പ് തമിഴ്‌നാട്ടിൽനിന്നും നഗരത്തിൽ ജോലിയന്വേഷിച്ചുവന്നരാണ് ഇവർ.

വിവിധ പ്രദേശങ്ങളിൽ കെട്ടിടനിർമാണജോലി ചെയ്തുവരുന്നതിനിടെയാണ് നിലവിലുള്ള തൊഴിലുടമയുടെകീഴിൽ ജോലിലഭിച്ചത്. ആദ്യകാലങ്ങളിൽ മികച്ച കൂലിയാണ് ലഭിച്ചിരുന്നത്. ഇതിനിടെ 20,000 രൂപ തൊഴിലുടമയിൽനിന്ന് ഇവർ കടംവാങ്ങി. മാസം 4000 രൂപ തോതിൽ ഇതു തിരിച്ചുനൽകുകയും ചെയ്തു.

എന്നാൽ, പലിശ ബാക്കിയുണ്ടെന്നുപറഞ്ഞ് തൊഴിലുടമ പണം ആവശ്യപ്പെട്ടുതുടങ്ങി. ഇതു നൽകാൻ കഴിയാതെവന്നതോടെ ഇവരുടെ കൂലി 100 രൂപയായി കുറയ്ക്കുകയായിരുന്നു. പലിശ കൊടുത്തുതീർക്കാതെ മറ്റൊരു സ്ഥലത്തും ജോലിക്കുപോകാൻ അനുവദിക്കില്ലെന്നും തൊഴിലുടമ ഇവരെ അറിയിച്ചു.

മറ്റു സ്ഥലങ്ങളിലേക്ക് ജോലിക്കുപോകാൻ ശ്രമിച്ചാൽ ഗുണ്ടകളെവിട്ട് ആക്രമിക്കുകയുംചെയ്യും. വ്യാഴാഴ്ച വൈകീട്ട് മറ്റൊരു പ്രദേശത്തേക്ക് ജോലി തേടിപ്പോകാൻ ഇവർ തീരുമാനിച്ചു. ഇതോടെയാണ് തൊഴിലുടമയുടെ ഗുണ്ടകൾ ഇവരെ ആക്രമിച്ചത്. തൊഴിലുടമയ്ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണർക്ക് ആൾട്ടർനേറ്റീവ് ലോ ഫോറം പരാതിനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us