ബെംഗളൂരു: നഗരത്തിലെ റേവ് പാർട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ ലഹരിമരുന്ന് പിടിച്ചെടുത്തു.
ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആർ.ഫാംഹൗസില്‍ നടന്ന പാർട്ടിക്കിടെയാണ് സെൻട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.
പാർട്ടി നടന്ന ഫാംഹൗസില്‍ നിന്ന് എം.ഡി.എം.എ.യും കൊക്കെയ്നും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു.
പാർട്ടിയില്‍ പങ്കെടുത്തിരുന്ന തെലുഗു നടിമാർ ഉള്‍പ്പെടെയുള്ളവർ കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.
ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നായി നൂറിലേറെ പേരാണ് പാർട്ടിയില്‍ പങ്കെടുത്തിരുന്നത്.
നടിമാരും മോഡലുകളും ടെലിവിഷൻ താരങ്ങളും ഉള്‍പ്പെടെയുള്ളവരും ഡി.ജെ.കളും ടെക്കികളുമാണ് പാർട്ടിയിലുണ്ടായിരുന്നത്.
‘ബ്ലഡി മസ്കാര’, ‘റാബ്സ്’, ‘കയ്വി’ തുടങ്ങിയ ഡി.ജെ.കളാണ് പാർട്ടിയിലെ സംഗീതപരിപാടി നയിച്ചിരുന്നത്.
ഹൈദരാബാദ് സ്വദേശിയായ വാസു എന്നയാളാണ് ഫാംഹൗസില്‍ പാർട്ടി സംഘടിപ്പിച്ചിരുന്നത്.
ആന്ധ്രാപ്രദേശില്‍ നിന്ന് ഇയാള്‍ നേരിട്ടെത്തിയാണ് പാർട്ടിയുടെ സംഘാടനം ഉള്‍പ്പെടെ ഏകോപിപ്പിച്ചത്.
‘സണ്‍സെറ്റ് ടു സണ്‍റൈസ്’ എന്ന് പേരിട്ട പാർട്ടിക്കായി ഏകദേശം 35 ലക്ഷമായിരുന്നു ചെലവ്.
അനുവദനീയമായ സമയം കഴിഞ്ഞും റേവ് പാർട്ടി തുടരുന്ന വിവരമറിഞ്ഞാണ് സി.സി.ബി. സംഘം സ്ഥലത്തെത്തിയത്.
മയക്കുമരുന്ന് കണ്ടെത്താനുള്ള സ്നിഫർ നായകളും പോലീസിനൊപ്പമുണ്ടായിരുന്നു.
തുടർന്ന് ഫാംഹൗസില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ.യും കൊക്കെയ്നും പിടിച്ചെടുത്തത്.
15-ലേറെ ആഡംബര കാറുകളും സ്ഥലത്തുണ്ടായിരുന്നു.
ഇതില്‍ ഒരു കാറില്‍ നിന്ന് ആന്ധ്രയില്‍ നിന്നുള്ള എം.എല്‍.എ.യുടെ പാസ്പോർട്ടും കണ്ടെടുത്തു.
എം.എല്‍.എ. കകാനി ഗോവർധന റെഡ്ഡിയുടെ പേരിലുള്ള പാസ്പോർട്ടാണ് കാറില്‍ നിന്ന് കണ്ടെടുത്തതെന്നാണ് റിപ്പോർട്ട്.
ബെംഗളൂരൂവിലെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ‘കോണ്‍കോഡി’ന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് റേവ് പാർട്ടി നടന്ന ജി.ആർ. ഫാംഹൗസ്.
ലഹരിമരുന്ന് കണ്ടെടുത്തതോടെ പാർട്ടിയില്‍ പങ്കെടുത്തിരുന്ന പലരെയും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്.
ഫാംഹൗസിലും പരിശോധന തുടരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.