ബെംഗളൂരു: നരേന്ദ്രമോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ സസ്‌പെൻഷന് സ്റ്റേ! പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിന്റെപേരിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്റ്റേ ചെയ്തത്.
എസ്.പി.ജി. സുരക്ഷയുള്ളവരുടെ പരിശോധനാ മാനദണ്ഡം ലംഘിച്ചെന്നാരോപിച്ചാണ് ഒഡിഷയിലെ തിരഞ്ഞെടുപ്പു നിരീക്ഷകനായിരുന്ന മുഹമ്മദ് മൊഹ്സിനെ കമ്മിഷൻ ഏപ്രിൽ 17-ന് ആണ് സസ്പെൻഡ് ചെയ്തത്. കർണാടക കേഡറിലെ 1996 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് മുഹ്സിൻ. സംഭവത്തിനുശേഷം മൊഹ്സിനെ സംബൽപുർ ആസ്ഥാനത്തേക്കും പിന്നീട് കർണാടകയിലേക്കും തിരിച്ചയച്ചിരുന്നു. കർണാടക പിന്നാക്കക്ഷേമവകുപ്പു സെക്രട്ടറിയാണ് മുഹസിൻ.
“എസ്.പി.ജി. സംരക്ഷണമുള്ളവർക്ക് ചില ഇളവുകൾ ഉണ്ടെങ്കിലും എന്തുമാകാമെന്നു പറയാനാകില്ല. എസ്.പി.ജി. സംരക്ഷണത്തിന്റെ മാർഗനിർദേശങ്ങളിലേക്കു വിശദമായി ഇപ്പോൾ കടന്നുചെല്ലുന്നില്ല. എന്നാൽ, നിയമവാഴ്ച നിലനില്ക്കണം – സസ്പെൻഷൻ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് ട്രിബ്യൂണൽ നിരീക്ഷിച്ചു. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽനിന്ന് വലിയ പെട്ടികൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയതായുള്ള വാർത്തകൾ ഉണ്ടായിരുന്നെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദത്തിനിടെ ചൂണ്ടിക്കാട്ടിയതും ട്രിബ്യൂണൽ പരാമർശിച്ചു.
ഒഡിഷയിലെ സംബൽപുരിൽ നിരീക്ഷകനായിരിക്കേ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ ചൊടിപ്പിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.