ബെംഗളൂരു: എൻജിനീയറിങ് വിദ്യാർഥിനി റായ്ച്ചൂരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്താൻ സർക്കാർ ഡി.ജി. ആൻഡ് ഐ.ജി.പി.ക്ക് നിർദേശം നൽകി. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികളും പെൺകുട്ടിയുടെ ബന്ധുക്കളും പ്രതിഷേധം നടത്തുന്നതിനിടെയാണ് നിർദേശം.
കഴിഞ്ഞ 15-നാണ് റായ്ച്ചൂർ മണിക് പ്രഭു ലേഔട്ടിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് മരത്തിൽ തൂങ്ങിയനിലയിൽ 23-കാരിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനുസമീപം ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെങ്കിലും ഇത് വ്യാജമാണെന്ന് പെൺകുട്ടിയുടെ സഹപാഠികൾ പറഞ്ഞു. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞനിലയിലായിരുന്നു. വിദ്യാർഥിയുടെ ആൺ സുഹൃത്തിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
ഇതോടെ പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്ന ആരോപണമുയർന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും സംശയമുണ്ട്. ആദ്യഘട്ടത്തിൽ ആത്മഹത്യയെന്നനിലയിൽ കേസെടുത്ത പോലീസ് പ്രതിഷേധമുയർന്നതോടെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നീട് സ്ഥലമുടമയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ, സംഭവത്തിൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികളും ബന്ധുക്കളും പ്രതിഷേധം തുടർന്നു. അതേസമയം സ്ഥലമുടമയുടെ മകൻ പെൺകുട്ടിയുടെ സുഹൃത്തായിരുന്നില്ലെന്നും ഇയാൾ ഏറെക്കാലമായി പെൺകുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു.
അതേസമയം, പോലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും ശക്തമായ പ്രചാരണമാണ് നടക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.