മാണ്ഡ്യയിൽ പ്രചാരണത്തിന് നാലിരട്ടി കൂലി; പണിക്ക് ആളെ കിട്ടാനില്ല!

ബെംഗളൂരു: താരപോരാട്ടം നടക്കുന്ന മാണ്ഡ്യ ലോക്‌സഭാമണ്ഡലത്തിൽ കർഷക ആത്മഹത്യകൾക്കും തൊഴിലില്ലായ്മയ്ക്കും ഒരു കുറവുമുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പിടിച്ചതോടെ തൊഴിലാളികളെയൊന്നും കാണാനില്ല. ചെറുകിട ഇടത്തരം വ്യാവസായ യൂണിറ്റുകൾക്ക് ദിവസക്കൂലിക്ക് പണിക്കാരെ കിട്ടാനില്ല.

ബെംഗളൂരുവിലെ നിർമാണ മേഖലയിലേക്ക് മാണ്ഡ്യ, മൈസൂരു മേഖലകളിൽനിന്നും തൊഴിലാളികളെ എത്തിച്ചിരുന്ന ഏജന്റുമാർക്കും പണിയില്ലാതായി. കെട്ടിട നിർമാണം ഉൾപ്പെടെയുള്ള അസംഘടിത മേഖലകളിൽ തൊഴിലിനുള്ള ഊഴം കാത്ത് റോഡരികിലിരിക്കുന്ന തൊഴിലാളികളുടെ കാഴ്ച പതിവായിരുന്നു. രാവിലെ ആറിന് തന്നെ നാട്ടിൻപുറങ്ങളിൽ നിന്ന് തൊഴിലാളികൾ കൂട്ടത്തോടെ മാണ്ഡ്യ ടൗണിലെ മൈസൂരു-ബെംഗളൂരു ദേശീയപാതയുടെ അരികിലുണ്ടാകും. ഈ അവസ്ഥയിൽ നിന്നാണ് ഇപ്പോൾ ആളെ കിട്ടാത്ത സാഹചര്യം ഉണ്ടായത്. ദിവസക്കൂലിക്കാരെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്.

സ്ഥാനാർഥികൾ റോഡ് ഷോ നടത്തുമ്പോഴും റാലി നടത്തുമ്പോഴും ജനം തിങ്ങിനിറയണം. ഇതിനായി പാർട്ടി നേതാക്കൾ കണ്ട ഉപായമാണ് കൂലിപ്പണിക്കാർ. മാണ്ഡ്യയിൽ ഗ്രാമീണ മേഖലയിൽ തൊഴിലില്ലായ്മ രൂക്ഷമാണ്. വരൾച്ച രൂക്ഷമായപ്പോൾ കാർഷിക മേഖലയിലും പണിയില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാണ് പാവപ്പെട്ടവർക്ക് ഒരു നേരത്തെ അന്നത്തിനുള്ള മാർഗം. ഇപ്പോൾ തൊഴിലുറപ്പിനും ആളെ കിട്ടാനില്ല. എല്ലാവരും പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അനുസരിച്ച് എട്ട് മണിക്കൂർ തൊഴിലെടുത്താൽ 249 രൂപയാണ് ലഭിക്കുന്നത്. എന്നാൽ, രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണത്തിൽ രണ്ട് മണിക്കൂർ പങ്കെടുത്താൽ 250 രൂപ കിട്ടും. വാഹനവുമായി വരുന്നവർക്ക് പെട്രോളിന്റെ പണവും നൽകും. ഒരു ദിവസം റാലി അടക്കമുള്ള പ്രചാരണത്തിൽ പങ്കെടുത്താൽ 1000 രൂപ മുതൽ 1500 രൂപവരെ ലഭിക്കും. ഭക്ഷണവും ലഭിക്കും.

മാണ്ഡ്യയിൽ പത്രികാ സമർപ്പണം തുടങ്ങിയത് മുതൽ ഇതാണ് സ്ഥിതി. കരിമ്പിന്റെയും പഞ്ചസാരയുടെയും നാടായ മാണ്ഡ്യയിൽ കരിമ്പുമായി ബന്ധപ്പെട്ട ഒട്ടേറെ ചെറുകിട യൂണിറ്റുകളുണ്ട്. ശർക്കര യൂണിറ്റുകൾ ഏറെയുണ്ട്. ഇവിടങ്ങളിൽ ദിവസക്കൂലിക്ക് ആളെ കിട്ടാതായതോടെ പല യൂണിറ്റുകളും അടച്ചിട്ടിരിക്കുകയാണ്. ശർക്കര ഉത്പാദനത്തിൽ 35 ശതമാനത്തിന്റെ കുറവുണ്ടായതായി യൂണിറ്റ് ഉടമയായ രാമഗൗഡ പറഞ്ഞു. പല യൂണിറ്റുകളും മാർച്ച് പകുതിയോടെ പ്രവർത്തനം നിലച്ചു. തൊഴിലാളികൾ തിരിച്ചെത്തുന്നതും കാത്തിരിപ്പാണ് മുതലാളിമാർ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us