യശ്വന്തപുരത്തുനിന്ന് കണ്ണൂരിലേക്ക്’ആര്‍എസി’ കണ്‍ഫേമായി!

റെയില്‍വേ ഉന്നതോദ്യോഗസ്ഥന്‍ മലയാളി യാത്രക്കാരോട് ചെയ്ത തെറ്റ്, തിരുത്തിയത് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ .കണ്ണൂര്‍ എക്‌സ്പ്രസ് (16527) യശ്വന്തപുരത്തേക്ക് തിരിച്ചെത്തുമ്പോള്‍ അണിയറക്കഥകള്‍ പലതുണ്ട്. യാത്രക്കാരുടെ മുറവിളിയും മലയാളി കൂട്ടായ്മകളുടെ ഇടപെടലുകളും അവഗണിക്കുകയായിരുന്നു റെയില്‍വേ ഉന്നതോദ്യോഗസ്ഥന്‍. ചെന്നുകണ്ട പ്രതിനിധികളോട്, സാങ്കേതിക പ്രശ്‌നമുണ്ട്, മുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട് എന്നൊക്കെയാണ്, ഈ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞുകൊണ്ടിരുന്നത്.

അതിനിടയില്‍ രൂപംകൊണ്ട ആര്‍എസി (റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍) എന്ന ചെറിയ കൂട്ടായ്മയുടെ പ്രതിനിധികള്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നുകണ്ട് പ്രശ്‌നത്തിന്റെ ഗൗരവം വിവരിച്ചു. യശ്വന്തപുരം ഉള്‍പ്പെടുന്ന ബെംഗളൂരു നോര്‍ത്തിലെ എംപിയായ സദാനന്ദ ഗൗഡ മുന്‍ റെയില്‍വേ മന്ത്രിയുമാണ്. കണ്ണൂര്‍ എക്‌സ്പ്രസ്സിന്റെ പ്രശ്‌നം സംസാരിക്കാന്‍ മാത്രമായി ആര്‍എസി പ്രതിനിധികള്‍ മൂന്നു തവണയാണ് അദ്ദേഹത്തെ കണ്ടത്. റെയില്‍വേ മന്ത്രിയ്ക്കുള്ള നിവേദനം കൈമാറുകയും ചെയ്തു.

കണ്ണൂര്‍ എക്‌സ്പ്രസിന്റെ കാര്യം സംസാരിക്കുന്നതിനായി മന്ത്രി സദാനന്ദ ഗൗഡ, റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനെ നേരില്‍ കണ്ടു. നടന്നത് അനീതിയാണെന്ന് ബോധ്യപ്പെടാന്‍ പീയുഷ് ഗോയലിന്, സീനിയന്‍ നേതാവായ സദാനന്ദ ഗൗഡയുടെ വാക്കുകള്‍ ധാരാളമായിരുന്നു.

കണ്ണുര്‍ എക്‌സ്പ്രസ് ഉടനടി യശ്വന്തപുരത്തുനിന്ന് പുനരാരംഭിക്കാന്‍ റെയില്‍വേ മന്ത്രാലയം മാര്‍ച്ച് പതിനഞ്ചിന് ഉത്തരവിട്ടു. ഫീസിബിലിറ്റി പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ ബെംഗളൂരുവിലെ ഡിആര്‍എം ഓഫീസ് ഒരാഴ്ചയെടുത്തു. പിന്നെയും തീരുമാനം നീണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങേണ്ടിയിരുന്നതിനാലാണ്.

അവസാനം കമ്മീഷന്‍ പച്ചക്കൊടി കാട്ടി. ഏപ്രില്‍ 14നു ഞായറാഴ്ച രാത്രി എട്ടുമണിയ്ക്ക് കണ്ണൂര്‍ എക്‌സ്പ്രസ് യശ്വന്തപുരത്തുനിന്നും പുറപ്പെടും. ദുരിതാനുഭവങ്ങളോട് യാത്ര പറഞ്ഞു വിഷുപ്പുലരിയില്‍ യാത്രക്കാര്‍ കേരളത്തിലെത്തും. ഈ തീവണ്ടി യശ്വന്തപുരത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി പല വിധത്തില്‍ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാവര്‍ക്കും അഭിമാനിക്കാം. പീയുഷ് ഗോയലിന് പൂച്ചെണ്ട് നല്‍കുകയും ചെയ്യാം.

 

ലേഖകന്‍

വിഷ്ണുമംഗലം കുമാര്‍
മൊബൈല്‍ : 97391 77560

കെ. സന്തോഷ് കുമാര്‍
മൊബൈല്‍ : 98452 83218

ദിനേഷ് പിഷാരടി
മൊബൈല്‍ : 94490 00254

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us