ബെംഗളൂരു: അത്യാധുനിക സാങ്കേതിക വിദ്യകൾ സമന്വയിച്ച ഡ്രോൺ ഒളിമ്പിക്സ് സന്ദർശകർക്ക് നവ്യാനുഭവമായി. ആദ്യമായിട്ടാണ് എയ്റോ ഇന്ത്യയിൽ ഡ്രോൺ ഒളിമ്പിക്സ് ഉൾപ്പെടുത്തിയത്. പൈലറ്റില്ലാ വിമാനങ്ങളുടെ പ്രോത്സാഹനത്തിനായിട്ടാണ് ഡ്രോൺ ഒളിമ്പിക്സ് സംഘടിപ്പിച്ചത്. ദ റൺവേ റ്റു എ ബില്യൺ ഓപ്പർച്യൂണിറ്റീസ് എന്നതായിരുന്നു ഡ്രോൺ ഒളിമ്പിക്സിന്റെ ആശയം.
വിവിധ വിഭാഗങ്ങളിലായി 57 ടീമുകൾ മാറ്റുരച്ചു. ഡ്രോൺ ഒളിമ്പിക്സിലെ വിജയികൾക്ക് ഈ വർഷം അമേരിക്കയിൽ നടക്കുന്ന ലോക്ക്ഹീഡ് മാർട്ടിൻസ് ആൽഫ പൈലറ്റ് റേസിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. വിവിധ കമ്പനികളും വ്യക്തികളും ഡ്രോൺ ഒളിമ്പിക്സിൽ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നുള്ള ഡ്രോണുകൾ കഴിവു തെളിയിച്ചു.
രൂപകല്പന, നിരീക്ഷണ മികവ്, ഭാരംവഹിക്കാനുള്ള ശേഷി തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്. 18, 19 തീയതികളിൽ ജക്കൂർ എയ്റോഡ്രോമിലായിരുന്നു പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടന്നത്.
ഡ്രോൺ ഒളിമ്പിക്സിലെ വിജയികൾ: ഹൈബ്രിഡ് ഡിസൈൻ വിഭാഗത്തിൽ (4-20 കിലോ) ടീം ദക്ഷ സ്വർണവും ലക്ഷ്യ ഫ്ളൈയിങ് സിസ്റ്റം (ഡൽഹി) വെള്ളിയും ടീം ഷെയ്ക് ഇമ്രാൻ വെങ്കലവും നേടി. സപ്ലൈ ഡ്രോപ് ചലഞ്ച് വിഭാഗത്തിൽ താനോസ് ടെക്നോളജീസ് (ഹൈദരാബാദ്) സ്വർണവും സാഗർ ഡിഫൻസ് വെള്ളിയും ഐ.ഐ.ടി. കാൻപൂർ വെങ്കലവും നേടി.
ഫിക്സ്ഡ് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് (വി.ടി.ഒ.എൽ.) വിഭാഗത്തിൽ (നാല് കിലോ) സാഗർ ഡിഫൻസ് (മുംബൈ) സ്വർണമെഡൽ നേടി. ഡ്രോവെഞ്ചേഴ്സ് സ്ക്വാഡ് വെള്ളിയും ടീം അസ്റ്റേരിയ (യൂറോപ്പ്) വെങ്കലവും നേടി. ഫിക്സ്ഡ് വി.ടി.ഒ.എൽ. വിഭാഗത്തിൽ ഡ്രോവെഞ്ചേഴ്സ് സ്ക്വാഡ് സ്വർണമെഡലും ടീം ദക്ഷ (ചെന്നൈ) വെള്ളിമെഡലും മോഡൽ ഏവിയേഷൻ (ബെംഗളൂരു) വെങ്കലവും നേടി.
ഫ്ളൈയിങ് ഫോർമേഷൻ ചലഞ്ച് വിഭാഗത്തിൽ യു.എ.എസ്. ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റി സ്വർണവും ദക്ഷ വെള്ളിയും എഫ്.പി.വി. ബെംഗളൂരു വെങ്കലവും നേടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.