മാണ്ഡ്യയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് നടി സുമലത

ബെംഗളൂരു: മാണ്ഡ്യയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് നടി സുമലത. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുമായി അവർ കൂടിക്കാഴ്ച നടത്തി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ മത്സരിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചു.

ഇതോടെ ഈ സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ച കോൺഗ്രസിന്റെ സഖ്യകക്ഷി ജനതാദൾ-എസ് ശക്തമായ എതിർപ്പുമായി രംഗത്തെത്തി. സുമലത മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത് ഇരു പാർട്ടി നേതൃത്വങ്ങളെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. സുമലതയുടെ ഭർത്താവും അന്തരിച്ച കോൺഗ്രസ് നേതാവുമായ അംബരീഷിന്റെ തട്ടകമായിരുന്നു മാണ്ഡ്യ. ഇക്കുറി ഈ സീറ്റ് കോൺഗ്രസിൽനിന്ന്‌ ജനതാദൾ ആവശ്യപ്പെട്ടു.

മാണ്ഡ്യ ഒഴികെ മറ്റൊരിടത്തും മത്സരിക്കാൻ ആഗ്രഹമില്ലെന്നും സുമലത സിദ്ധരാമയ്യയെ അറിയിച്ചിട്ടുണ്ട്. ’ഞാൻ കോൺഗ്രസിനോടൊപ്പമാണ്. പാർട്ടി തീരുമാനം അന്തിമമാണ്. എന്നാൽ പാർട്ടി നിസ്സഹായമാണെങ്കിൽ ജനങ്ങൾ പറയുന്നതായിരിക്കും അന്തിമം’- സുമലത പറഞ്ഞു. മാണ്ഡ്യയിൽനിന്ന് മൂന്നുതവണ വിജയിച്ച അംബരീഷിന് മണ്ഡലത്തിൽ ശക്തമായ സ്വാധീനമുണ്ട്. കന്നഡ സിനിമാതാരങ്ങളും കോൺഗ്രസ് പ്രവർത്തകരും സുമലത മത്സരിക്കണമെന്ന നിലപാടിലാണ്.

ആദ്യം ഇതിനോട് പ്രതികരിച്ചില്ലെങ്കിലും സമ്മർദം ശക്തമായതിനെത്തുടർന്നാണ് സിദ്ധരാമയ്യയെ സന്ദർശിച്ച് മത്സരിക്കാൻ അവർ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ, ഇത്തവണ സഖ്യമുണ്ടാക്കിയ സാഹചര്യത്തിൽ ചർച്ചയ്ക്കുശേഷം തീരുമാനമറിയിക്കാമെന്നാണ് സിദ്ധരാമയ്യ അറിയിച്ചത്.

എന്നാൽ മാണ്ഡ്യ പാർട്ടിയുടെ സിറ്റിങ് സീറ്റാണെന്നും കോൺഗ്രസിന് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും ജെ.ഡി-എസ് നേതാവ് സി.എസ്. പുട്ടരാജു പറഞ്ഞു. സുമലത തീരുമാനത്തിൽ ഉറച്ചുനിന്നാൽ സഖ്യത്തിന് തിരിച്ചടിയാകും. സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ചാൽ ബി.ജെ.പി. പിന്തുണ പ്രഖ്യാപിച്ചേക്കും. ഇത്തരമൊരു സാഹചര്യം വന്നാൽ ജനതാദളിന് മണ്ഡലം നിലനിർത്താൻ വിയർപ്പൊഴുക്കേണ്ടി വരും.

ബെംഗളൂരു നോർത്ത് എച്ച്.ഡി. ദേവഗൗഡയ്ക്ക് ലഭിച്ചാൽ മാണ്ഡ്യയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയെ മത്സരിപ്പിക്കാനാണ് ദളിന്റെ തീരുമാനം. മത്സരിക്കുമെന്ന പ്രചാരണം ശക്തമാകുന്നതിനിടയിൽ സുമലത പൊതുചടങ്ങിലും സജീവമായി.

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ ഗുരുവിന്റെ വീട് സന്ദർശിച്ച അവർ കുടുംബത്തിന് വീടുണ്ടാക്കാൻ സൗജന്യമായി സ്ഥലം നൽകുമെന്ന് അറിയിച്ചു. ജവാന്റെ അന്ത്യകർമം നടത്തുന്നതിന് സ്ഥലത്തിന്റെ പ്രശ്നമുണ്ടായെന്ന വാർത്തയെത്തുടർന്നായിരുന്നു പ്രഖ്യാപനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us