ആദ്യ വിജയം കുറിച്ച് സൈന്യം;40 സിആ‌ർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.

ശ്രീനഗർ: 40 സിആ‌ർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ജയ്ഷെ കമാൻഡർ കമ്രാനും ഗാസി റഷീദും സൈന്യത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇവരാണ് പുൽവാമ ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്ത് ചാവേർ സഞ്ചരിച്ചിരുന്ന കാറിൽ സ്ഫോടക വസ്തുക്കൾ നിറച്ചത്. ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം നാല് സൈനികരും കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

മൂന്ന് ദിവസം മുമ്പ് സിആര്‍പിഎഫ് വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായ സ്ഥലത്തിന് സമീപമാണ് ഏറ്റുമുട്ടല്‍. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളയുകയായിരുന്നു. സൈനിക വ്യൂഹം ആക്രമിച്ച ചാവേര്‍ ആദിൽ ധറിന്‍റെ കൂട്ടാളികളാണ് ഒളിച്ചിരിക്കുന്ന ഭീകരരെന്നാണ് കരുതുന്നത്. സൈന്യം കെട്ടിടം വളഞ്ഞതോടെ ഭീകരര്‍ ആക്രമണം തുടങ്ങി. സൈന്യവും തിരിച്ചടിച്ചു.

സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്. സൈന്യം പ്രദേശം വളഞ്ഞുവെന്ന് മനസ്സിലാക്കിയതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

5 മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ വധിച്ചത്. ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍മാരായ ഗാസി റഷീദ്, കമ്രാൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ ഭീകരർ കെട്ടിടത്തിനുള്ളിലുണ്ടെന്നാണ് വിവരം.

ഒരു മേജറടക്കം നാല് സൈനികർ രക്തസാക്ഷികളായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. മേജര്‍ വി എസ് ദണ്ഡിയാൽ, ഹവീല്‍ദാര്‍മാരായ ഷിയോ റാം, അജയ് കുമാര്‍, ഹരി സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികൾ ചര്‍ച്ച ചെയ്യാന്‍ ദില്ലിയിൽ ആഭ്യന്തര മന്ത്രി രാജ്‍നാഥ് സിംഗിന്‍റെ അദ്ധ്യക്ഷതയിൽ ഉന്നത തലയോഗം തുടങ്ങി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, ആഭ്യന്തര സെക്രട്ടറി, ഐബി, റോ തലവന്‍മാര്‍, ഉന്നത സൈനിക ഉദ്യോഗസ്ഥ‌ർ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us