ബെംഗളൂരു : നഗരത്തിലെ മലയാളികളോടുള്ള റെയില്‍വേയുടെ വഞ്ചന തുടര്‍ക്കഥ ആവുകയാണ്,അതില്‍ ഏറ്റവും പുതിയതായി ഉള്ള വാര്‍ത്തയാണ് പ്രതിദിന തീവണ്ടി യായ യെശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ്സ് യെശ്വന്ത്പൂരില്‍ നിന്ന് എടുത്തു മാറ്റി ബാനസവാടിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കാന്‍ ആണ് റെയില്‍വേ യുടെ പുതിയ നീക്കം.
യെശ്വന്ത് പൂരില്‍ നിന്ന് യാത്ര തുടങ്ങുമ്പോള്‍ യാത്രക്കാര്‍ക്ക് ഉള്ള ഗുണം ?ബാനസവാടിയിലേക്ക് മാറ്റുമ്പോള്‍ എന്ത് സംഭവിക്കും?
- നഗരത്തില്‍ 2 റെയില്‍വേ ടെര്‍മിനലുകള്‍ മാത്രമേ ഉള്ളൂ അതില്‍ ഒന്ന് സിറ്റി റെയില്‍വേ സ്റ്റേഷനും അടുത്തത് യെശ്വന്ത്പൂര്‍ സ്റ്റേഷനുമാണ്,യാത്രക്കാര്‍ക്ക് വൃത്തിയുള്ള ശുചി മുറി,വേറെ വേറെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍,ഭക്ഷണ ശാലകള്‍,വൈ ഫൈ അടക്കമുള്ള യാത്രക്കാര്‍ക്ക് ആവശ്യമുള്ള എല്ലാ സൌകര്യങ്ങളും ഉള്ള സ്റ്റേഷന്‍ ആണ് യെശ്വന്ത് പൂര്‍, എന്നാല്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 13 കിലോ മീറ്റര്‍ അകലെയാണ് 2 പ്ലാറ്റ്ഫോമുകള്‍ മാത്രമുള്ള ഒരു ചെറിയ സ്റ്റേഷന്‍ ,ബാനസവാടി മുകളില്‍ പറഞ്ഞ ഒരു സൌകര്യങ്ങളും അവിടെ ലഭ്യമല്ല.തുടർ യാത്രയ്ക്ക് ബസ് സർവീസുകളില്ല.ബസ് പിടിക്കാൻ വീതികുറഞ്ഞ റോഡിലൂടെ ഒരു കിലോമീറ്റർ നടക്കണം. രാവിലെ ട്രെയിനിറങ്ങി മെയിൻ റോഡിലേക്കു പോയ രണ്ടു മലയാളികള്‍ കൊള്ളയടിക്ക പ്പെട്ടിരുന്നു. ഇവിടെ നിന്നു രാവിലെ ഓട്ടോയിൽ ബെംഗളൂരുവിന്റെ ഇതര ഭാഗങ്ങളിലെത്താൻ ചുരുങ്ങിയത് 250 രൂപയാകും.
- നഗരത്തിന്റെ ഏതു ഭാഗത്ത് നിന്നുള്ള യാത്രക്കാര്‍ക്കും യെശ്വന്ത് പൂരില്‍ എത്തുക എന്നത് എളുപ്പമാണ് യെശ്വന്ത് പൂര്‍ സ്റ്റേഷന്റെ രണ്ടു വശങ്ങളില്‍ നിന്നും ബസ് സര്‍വീസുകള്‍ നിലവില്‍ ഉണ്ട്.ഗ്രീന്‍ ലൈന്‍ മെട്രോ സ്റ്റേഷനും റെയില്‍വേ സ്റ്റേഷന് സമീപത്ത് ആണ്.പ്രീ പൈഡ് ടാക്സി,ഓട്ടോ,റേഡിയോ ടാക്സി സര്‍വീസുകളും ഇടതടവില്ലാതെ ലഭ്യമാണ്.എന്നാല്‍ ബാനസവാടി സ്റ്റേഷനില്‍ പുലര്‍ച്ചയോ അര്‍ദ്ധരാത്രിയോ വന്നിറങ്ങുന്നവര്‍ കുഴഞ്ഞത് തന്നെ ബസ് സര്‍വീസോ ടാക്സി സര്‍വീസോ ഇല്ല എന്നു മാത്രമല്ല കഴുത്തറപ്പന്‍ വില ഈടാക്കുന്ന ഓട്ടോ സര്‍വീസുകള്‍ നിങ്ങളുടെ യാത്ര കൂടുതല്‍ അരക്ഷിതമാക്കും.
- നഗരത്തിലെ നല്ലൊരു ശതമാനം മലയാളികള്‍ ജീവിക്കുന്നത് ജാലഹള്ളിയും സമീപ പ്രദേശമായ പീനിയയിലും ആണ് ഇവര്‍ക്ക് വളരെ വേഗത്തില്‍ മേട്രോയിലോ ബസിലോ യെശ്വന്ത് പുരയില്‍ എത്തി ചേരാന്‍ കഴിയും.ബാനസവാടിയില്‍ എത്തിച്ചേരണമെങ്കില്‍ ടാക്സി യോ ഓട്ടോ യോ തന്നെ ശരണം.
- നഗരത്തില്‍ നിന്നും കൊയംബത്തൂര്‍ -സേലം -പാലക്കാട് -ഷോര്‍ണൂര്‍ വഴി മലബാറിലേക്ക് സര്‍വീസ് നടത്തുന്ന ഏക പ്രതിദിന തീവണ്ടിയാണ് യെശ്വന്ത് പൂര്‍-കണ്ണൂര്‍ എക്സ്പ്രസ്സ്.
റെയില്‍വേയുടെ മലയാളികളോടുള്ള വഞ്ചനയുടെ കഥകള്‍.
- ഓണം ,ക്രിസ്തുമസ്,പെരുന്നാള്‍ തുടങ്ങിയ ഉത്സവ സീസണുകളില്‍ കേരളത്തിലേക്ക് സ്പെഷ്യല്‍ തീവണ്ടി അനുവദിക്കാന്‍ റെയില്‍വേക്ക് മടിയാണ്,പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ അനുവദിച്ചാല്‍ തന്നെ അത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മാത്രം ആയിരിക്കും ജനങ്ങളില്‍ വാര്‍ത്ത എത്തി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് തന്നെ തീവണ്ടി പുറപ്പെട്ടിരിക്കും.കഴിഞ്ഞ ഓണത്തിന് എറണാകുളത്ത് നിന്നുള്ള സ്പെഷ്യല്‍ പ്രഖ്യാപിച്ചത് ഒരു മണിക്കൂര്‍ മുന്‍പ് മാത്രം !! ഏറ്റവും തിരക്കുള്ള ക്രിസ്തുമസ്,പെരുന്നാള്‍ സമയങ്ങളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷമായി പ്രത്യേക തീവണ്ടി പ്രഖ്യപിക്കാറെ ഇല്ല.
- മുന്‍പ് സിറ്റി റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്ന എറണാകുളം – ബെംഗളൂരു(12683–84; 22607-08) ട്രെയിനുകൾ അരക്ഷിതവും ആൾവാസമില്ലാത്ത ബാനസവാടിയിലേക്കു മാറ്റിയിട്ട് ഒരു വർഷത്തിലധികമായി. ഈ ട്രെയിനുകൾക്കു ബാനസവാടിക്കു പുറമെ ബെംഗളൂരുവിൽ സ്റ്റോപ്പ് ഉള്ളതു കെആർ പുരത്തു മാത്രം. മലയാളി സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നു ബയ്യപ്പനഹള്ളിയിൽ 45 ദിവസത്തിനകം സ്റ്റോപ്പ് അനുവദിക്കുമെന്നു റെയിൽവേ ഉറപ്പു നൽകിയിരുന്നു. ഒന്നും നടന്നില്ല.
- 2016 റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച മൈസുരു-ബാംഗ്ലൂര്‍-തിരുവനന്തപുരം ട്രെയിന്‍ ഇതുവരെ ഓടിതുടങ്ങിയില്ല,വെള്ളിയാഴ്ച നാട്ടിലേക്കും ഞായറാഴ്ച തിരിച്ചും എന്നായിരുന്നു സമയക്രമം.എന്നാല്‍ പിന്നീട് ആരംഭിച്ച ,ട്രെയില്‍ ഹം സഫര്‍ എക്സ്പ്രസ്സ് ആക്കി മാറ്റി,തിരക്കിനനുസരിച്ചു വിലകൂടുന്ന എ സി മാത്രം ഉള്ള ട്രെയിന്‍ (ഉദ്ദേശം മനസ്സിലായില്ലേ ),അതും ആരംഭിക്കുന്നത് ബാനസവാടിയില്‍ നിന്ന്.
- യശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസിനു കഴിഞ്ഞ വർഷം കോയമ്പത്തൂരിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇതിനു പിന്നാലെ കേരളത്തിൽ നിന്നുള്ള തത്കാൽ ക്വോട്ടയിലേറെയും കോയമ്പത്തൂരിലേക്കു മാറ്റിയതും മലയാളികൾക്കു പണി തന്നു.
ഇനി നമുക്ക് എന്ത് ചെയ്യാന്‍ കഴിയും ?
കണ്ണൂർ എക്സ്പ്രസ്(16527–28) യശ്വന്ത്പുരയിൽ നിന്നു ബാനസവാടിയിലേക്കു മാറ്റാനുള്ള നീക്കത്തിൽ ശക്തമായ പ്രതിഷേധവുമായി കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്). നീക്കത്തിൽ നിന്നു പിന്മാറിയില്ലെങ്കിൽ ട്രെയിൻ തടയുന്നതുൾപ്പെടെ ശക്തമായ നടപടികളിലേക്കു നീങ്ങുമെന്നു അവര്‍ അറിയിച്ചു.മറുനാട്ടിലെ മലയാളികളോടു ഉദാസീന നിലപാട് മാറ്റി കേരളത്തിൽ എംപിമാരും രാഷ്ട്രീയ നേതാക്കളും പ്രശ്നത്തിൽ ഉടനടി ഇടപെടണമെന്നു കേരള – ബെംഗളൂരു ട്രെയിൻ യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു.
കെ കെ ടി എഫ് പോലുള്ള സംഘടനകള്‍ നടത്തുന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വളരെ കുറവ് ആണ് കാണാറുള്ളത്,നമ്മുടെ സംഘടനയോ ,ഗ്രൂപ്പോ,രാഷ്ട്രീയമൊ,ജാതിയോ,മതമോ നോക്കാതെ ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുകയാണ് എങ്കില്‍,നമ്മുടെ ഐക്യം കണ്ട് മലയാളി ദ്രോഹ പരിപാടികളില്‍ നിന്ന് റെയില്‍വേ പിന്മാറുക തന്നെ ചെയ്യും.ഉറപ്പാണ്.
ഇനി ഒരു ചോദ്യം :ആര്‍ക്ക് വേണ്ടിയായിരിക്കും റെയില്‍വേ ഇത്തരം ജനദ്രോഹ നടപടികള്‍ ബെംഗളൂരുമലയാളികളോട് കാണിക്കുന്നത് ? ആര്‍ക്കായിരിക്കും അതിന്റെ ലാഭം ?
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.