10 വര്‍ഷം മുന്‍പത്തെ ഫോട്ടോ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് ഇതൊന്ന് വായിക്കുന്നത് നല്ലതാണ്;#10YEARCHALLENGE ന് പിന്നിലെ ചതി ഇതാണ്.

ഫേസ്ബുക്കില്‍ ഇപ്പോള്‍ തുടങ്ങിയ ട്രെന്‍റാണ് #10YEARCHALLENGE. നിങ്ങളുടെ 2009ലെയും 2019ലെയും ഫോട്ടോ പോസ്റ്റ് ചെയ്യുക എന്നതാണ് ഈ ചലഞ്ചിന്‍റെ അടിസ്ഥാനം. നിരവധിപ്പേരാണ് ഈ ചലഞ്ചില്‍ പങ്കെടുക്കുന്നത്. കൂട്ടുകാരന്‍റെ, അല്ലെങ്കില്‍ ജീവിതപങ്കാളിയുടെ ഒക്കെ പഴയ ഫോട്ടോ കാണുവാന്‍ രസമാണ്. ആ രസത്തെ തന്നെയാണ് ഈ ചലഞ്ച് തട്ടി ഉണര്‍ത്തുന്നത്. ട്രോള്‍ ആയും ഗൌരവമായും ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ എന്ന്  ഫേസ്ബുക്ക് വാളുകള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.

വിദേശത്ത് തന്നെയാണ് ഈ ചലഞ്ച് ആരംഭിച്ചത് പിന്നീട് അതിവേഗം ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഇത് ഒരു തരംഗമാകുകയായിരുന്നു. പലരും തങ്ങളുടെ പഴയതും പുതിയതുമായ രൂപങ്ങള്‍ പോസ്റ്റ് ചെയ്ത് ട്രോളും ചിരിയുമായി നീങ്ങുമ്പോള്‍ ഈ ചലഞ്ച് അത്ര നിഷ്കളങ്കമല്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. പ്രമുഖ ടെക് എഴുത്തുകാരി കെറ്റ് ഒനീല്‍ ആണ് ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

#10YEARCHALLENGE എന്നത്  ഫേസ്ബുക്ക് പുതിയ ഫേസ് റെക്കഗനെഷന്‍ അല്‍ഗോരിതത്തിന് രൂപം നല്‍കാനുള്ള അടവാണെന്നാണ് ഇവര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇത് ആദ്യം തമാശയായി ചെയ്തതാണെങ്കിലും പിന്നീട് ഇതില്‍ സത്യമില്ലാതില്ലെന്ന് കെറ്റ് ദ വയര്‍ഡില്‍ എഴുതിയ ലേഖനത്തില്‍ അവകാശപ്പെട്ടു. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഒരു ഗൂഢാലോചന പുതിയ ചലഞ്ചിന് പിന്നിലുണ്ടെന്ന് സംശയിക്കണം എന്ന് ഇവര്‍ പറയുന്നു.

എന്നാല്‍ ഫേസ്ബുക്കിന്‍റെ കയ്യില്‍ ഇപ്പോള്‍ തന്നെയുള്ള ഫോട്ടോകള്‍ വീണ്ടും ഇടുന്നത് എങ്ങനെ വിവരം ചോര്‍ത്തുമെന്ന മറുചോദ്യം ഉയരുന്നുണ്ട്. ഇതിനും അവര്‍ മറുപടി നല്‍കുന്നു. ഇത് കേവലം നിങ്ങളുടെ മുഖം മനസിലാക്കാനുള്ള തന്ത്രം മാത്രമായിരിക്കില്ല. ഒരു കൃത്യമായ കാലയളവില്‍ നിങ്ങള്‍ക്ക് എന്ത് വ്യത്യാസം വന്നു, അത് ഭാവിയില്‍ എങ്ങനെ മാറും എന്നതുവച്ച് ഒരു വ്യക്തിയെ കൃത്യമായി പഠിക്കാനുള്ള ശ്രമം ആയിരിക്കാം എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ മുഖം തിരിച്ചറിയാനുള്ള ടെക്നോളജി ഉപകാരപ്രഥമായേക്കും എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതായത് ഇന്ത്യയിലെ ആധാര്‍ വിവരങ്ങളായി ശേഖരിച്ച മുഖ വിവരം വച്ച് ദില്ലിയില്‍ പൊലീസ് 3,000ത്തോളം കാണാതായ കുട്ടികളെ നാല് ദിവസത്തെ ഇടവേളയില്‍ കണ്ടുപിടിക്കുന്നുണ്ട് പോലും. എന്നാല്‍ അത് സര്‍ക്കാറിന്‍റെ കീഴിലെ ഡാറ്റയാണെന്നും. ഫേസ്ബുക്ക് പോലുള്ള ഒരു സ്ഥാപനത്തിന് ഇത്തരം ഒരു ഡാറ്റ എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us