തിരുവനന്തപുരം: കേരളത്തിന്‍റെ ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്‍റെ ഔദ്യോഗിക ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.
പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍ ലിമിറ്റഡ് ആണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ- ഓട്ടോയുടെ നിര്‍മ്മാതാക്കള്‍.
സി.എം.വി.ആര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ ഇ-ഓട്ടോ വിപണിയിലെത്തിക്കും. സംസ്ഥാന സര്‍ക്കാറിന്‍റെ ഇ – വെഹിക്കിള്‍ നയത്തിന്‍റെ ഭാഗമായാണ് ഇ-ഓട്ടോ നിരത്തിലിറക്കുന്നത്.
ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമേ ചെലവു വരൂ എന്നതാണ് ഇ-ഓട്ടോയുടെ മറ്റൊരു പ്രത്യേകതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരു പ്രാവശ്യം പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്താല്‍ നൂറ് കിലോ മീറ്റര്‍ വരെ യാത്ര സാധ്യമാകും. മൂന്ന് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാനും സാധിക്കും.
സ്റ്റാന്‍റുകളിലും മറ്റും ചാര്‍ജ്ജിംഗ് സംവിധാനം ഒരുക്കിയാല്‍ തടസങ്ങളില്ലാതെ ഓട്ടം സാധ്യമാക്കാം. ഇലക്ട്രിക് വാഹന വികസനത്തിനു വേണ്ടി കേരളാ ഓട്ടോ മൊബൈല്‍സിന് കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപ നീക്കി വെച്ചിരുന്നു.
ഇത് ഉപയോഗിച്ച് കൂടുതല്‍ ഇലക്ട്രിക് ഓട്ടോ രംഗത്തിറക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ പഴയ ഡീസല്‍ ഓട്ടോകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.