ഹൈക്കോടതിയുടെ വിരട്ടല്‍ ഫലം കണ്ടില്ല;നഗരത്തിലെ പല ഭാഗങ്ങളിലും മാലിന്യം കുന്നുകൂടിക്കിടക്കുന്നു;രാത്രി മാലിന്യം നിക്ഷേപിക്കാന്‍ എത്തിയ 150 ഓളം ആളുകള്‍ പിടിയില്‍.

ബെംഗളൂരു: നഗരത്തിൽ കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യാൻ കർണാടക ഹൈക്കോടതി നൽകിയ സമയപരിധി അവസാനിച്ചു. മാലിന്യം നീക്കം ചെയ്‌തെന്ന് കോർപ്പറേഷൻ അവകാശപ്പെടുമ്പോഴും നഗരത്തിന്റെ പലഭാഗങ്ങളിലും മാലിന്യം കുന്നുകൂടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്.

അതേസമയം, രാത്രിയിൽ അനധികൃതമായി വിവിധ സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നിയോഗിച്ച ജീവനക്കാർ കഴിഞ്ഞദിവസങ്ങളിലായി 150-ഓളം ആളുകളെ പിടികൂടി.

നഗരത്തിൽ മാലിന്യം കുന്നുകൂടുന്നത് കോർപ്പറേഷന്റെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാത്‌പര്യഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഒക്‌ടോബർ 31-നുള്ളിൽ നഗരത്തിലെ മുഴുവൻ മാലിന്യവും നീക്കംചെയ്യണമെന്ന് കോടതി കോർപ്പറേഷന് നിർദേശം നൽകിയത്. തുടർന്ന് മാലിന്യം നീക്കം ചെയ്യാനുള്ള നടപടികൾ കോടതി ഊർജിതമാക്കുകയും ചെയ്തു.

മുൻ പട്ടാളക്കാരെ ഉൾപ്പെടുത്തി മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയതും ഇതിന്റെ ഭാഗമാണ്. ആറുപേരടങ്ങുന്ന സംഘങ്ങളായാണ് ഇവരുടെ പ്രവർത്തനം.

രാത്രി വൈകി ഓട്ടോറിക്ഷകളിലും ബൈക്കുകളിലുമായി എത്തി നഗരത്തിലെ ആളൊഴിഞ്ഞ കോണുകളിൽ മാലിന്യം നിക്ഷേപിക്കുന്നതിനിടെയാണ് 150-ഓളം പേരെ പിടികൂടിയത്. അന്ത്രഹള്ളിയിൽനിന്ന് മാലിന്യം നിക്ഷേപിക്കുന്ന ഒരു വാഹനത്തെയും അധികൃതർ പിടികൂടിയിട്ടുണ്ട്.

കെ. ആർ. മാർക്കറ്റിലേത് ഉൾപ്പെടെയുള്ള മാലിന്യം സ്ഥിരമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തള്ളിയിരുന്നത് ഈ വാഹനത്തിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വൻതോതിൽ മാലിന്യം നിക്ഷേപിച്ചവരെ പോലീസിന് കൈമാറി.

മാലിന്യം നിക്ഷേപിക്കാൻ ബെംഗളൂരു കോർപ്പറേഷൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഇവ ഉപയോഗിക്കുന്നവർ കുറവാണെന്നാണ് കോർപ്പറേഷൻ വ്യക്തമാക്കുന്നത്.

ഭൂരിഭാഗം ആളുകളും താമസസ്ഥലത്തിനടുത്തുള്ള ഒഴിഞ്ഞപ്രദേശങ്ങളിൽ മാലിന്യം തള്ളുന്നതാണ് കോർപ്പറേഷന്റെ മാലിന്യ നിർമാർജന പദ്ധതികളെ അവതാളത്തിലാക്കുന്നത്. ശുചീകരണത്തൊഴിലാളികൾ മാലിന്യനിക്ഷേപത്തിന് നീക്കിവെച്ച നിശ്ചിത പ്രദേശങ്ങളിൽനിന്ന്‌ കൃത്യമായി മാലിന്യം ശേഖരിക്കുന്നുണ്ടെന്നും കോർപ്പറേഷൻ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us