കാലാവസ്ഥ വഴിമാറുന്നതിനൊപ്പം എച്ച്1എൻ1 പകർച്ചപ്പനി കൂടുതൽ പേരിലേക്ക്!

ബെംഗളൂരു: ശൈത്യത്തിലേക്കു കാലാവസ്ഥ വഴിമാറുന്നതിനൊപ്പം എച്ച്1എൻ1 പകർച്ചപ്പനി കൂടുതൽ പേരിലേക്ക്. മഹാനഗരത്തിൽ മാത്രം ഇരുന്നൂറിലധികം എച്ച്1എൻ1 പനിബാധിതർ; മരണം അഞ്ച്.വിട്ടുമാറാത്ത ചുമയ്ക്കും ശാരീരിക അസ്വാസ്ഥ്യങ്ങൾക്കും ഒപ്പം പനിഭീതി ഏറുന്ന പശ്ചാത്തലത്തിൽ ആശുപത്രികളിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കിയതായി ബിബിഎംപി ആരോഗ്യവിഭാഗം അറിയിച്ചു.

ഒരു മാസത്തിനിടെ സംസ്ഥാനത്തൊട്ടാകെ അഞ്ഞൂറിലധികം പേർക്കാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്. പനിയെ തളയ്ക്കുന്നതിനു രൂപീകരിച്ച പ്രത്യേക ടീമുകളുടെ മേൽനോട്ടത്തിൽ ബിബിഎംപി പരിധിയിൽ വാർഡുതല കമ്മിറ്റികൾ രൂപീകരിച്ചുകഴിഞ്ഞു. അതതു കോർപറേറ്റർമാർക്കാണ് ഏകോപന ചുമതല. ഡോക്ടർമാരെയും ആശ പ്രവർത്തകരെയും ഉൾപ്പെടുത്തി വാർഡുതലങ്ങളിലുള്ള യോഗം ഉടൻ വിളിച്ചുചേർക്കുമെന്ന് ബിബിഎംപിക്കു കീഴിലുള്ള പബ്ലിക് ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് എപ്പിഡെമിയോളജിക്കൽ സെൽ കോഓർഡിനേറ്റർ ഡോ. ശിവകുമാർ പറഞ്ഞു.

പൊതുജനങ്ങൾക്കിടയിൽ  പകർച്ചപ്പനി ബോധവൽക്കരണം വ്യാപിപ്പിക്കാനാണിത്. എച്ച്1എൻ1 പടർന്നുപിടിക്കുന്നതു തടയുന്നതിനുള്ള മാർഗനിർദേശം അടങ്ങിയ ലഘുലേഖ ഇതിന്റെ ഭാഗമായി വീടുവീടാന്തരം എത്തിക്കും. രണ്ടാഴ്ചയ്ക്കിടെ ദക്ഷിണ കന്നഡ ജില്ലയിൽ 10 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചതോടെ തീരദേശ മേഖലയിൽ പനിബാധിതരെ കണ്ടെത്താനുള്ള നിരീക്ഷണ സംവിധാനം ശക്തമാക്കി.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മറ്റും എത്തുന്ന പകർച്ചപ്പനിബാധിതരെ വിശദപരിശോധനയ്ക്കു വിധേയരാക്കിയാണിതെന്ന് ജില്ലാ ആരോഗ്യ ഓഫിസർ എൻ.രാമചന്ദ്ര റാവു പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിൽ നാലുപേർ മരിച്ചത് എച്ച്1എൻ1 കാരണമല്ലെന്നു ചൂണ്ടിക്കാട്ടി ഡെത്ത് ഓഡിറ്റ് കമ്മിറ്റി അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ വിവിധ അസുഖങ്ങളാണ് ഇവരുടെ മരണത്തിനു പിന്നിലെന്നാണു കണ്ടെത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us