മുഖ്യമന്ത്രിസ്ഥാനം ദൈവാനുഗ്രഹംകൊണ്ട് ലഭിച്ചതാണെന്നും അതിനാൽ എത്രകാലം പദവിയിലിരിക്കുമെന്നത് എന്നെ അലട്ടുന്ന പ്രശ്നമല്ലെന്നും മുഖ്യമന്ത്രി

ബെംഗളൂരു: മുഖ്യമന്ത്രിസ്ഥാനം ദൈവാനുഗ്രഹംകൊണ്ട് ലഭിച്ചതാണെന്നും അതിനാൽ എത്രകാലം പദവിയിലിരിക്കുമെന്നത് എന്നെ അലട്ടുന്ന പ്രശ്നമല്ലെന്നും മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി. സംസ്ഥാനത്തെ രക്ഷിക്കുന്നതിനുവേണ്ടിയാണ് കോൺഗ്രസുമായി സഖ്യസർക്കാർ രൂപവത്കരിച്ചത്. ഇതിനുപിന്നിൽ സ്വാർഥതാത്‌പര്യമില്ല. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ട മോദി തരംഗം അടുത്ത തിരഞ്ഞെടുപ്പിലുണ്ടാവില്ലെന്നും കുമാരസ്വാമി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പുതിയ രാഷ്ട്രീയമാറ്റത്തിന് ഇടയാക്കും. കർണാടകത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കും. ഉപതിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന് പുതിയ സന്ദേശമായിരിക്കും നൽകുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് എത്രകാലമുണ്ടാകുമെന്നോർത്ത് വേവലാതിയില്ല. അഞ്ച് വർഷം പദവിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൈവാനുഗ്രഹത്താൽ ലഭിച്ച പദവി ജനങ്ങൾക്കുവേണ്ടി പ്രയോജനപ്പെടുത്തും. ബെംഗളൂരു പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സർക്കാർ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പി.ക്ക് ലഭിച്ചില്ല. ഇതേ തുടർന്നാണ് കോൺഗ്രസ്-ദൾ സഖ്യം നിലവിൽ വന്നത്. സ്വാർഥ താത്‌പര്യത്തിന് വേണ്ടിയല്ല സഖ്യസർക്കാർ രൂപവത്കരിച്ചത്. സിദ്ധരാമയ്യയെയോ കുമാരസ്വാമിയയെയോ സംരക്ഷിക്കാൻ വേണ്ടിയല്ല സർക്കാർ. അവസാരവാദ കൂട്ടുക്കെട്ടാണെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിദ്ധരാമയ്യയും എച്ച്.ഡി. ദേവഗൗഡയും അവസരവാദികളാണെന്നാണ് ബി.ജെ. പി. ആരോപിക്കുന്നത്. സിദ്ധരാമയ്യയെ രാഷ്ട്രീയമായി ഇല്ലാതാക്കുമെന്ന ദേവഗൗഡയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി. നേതാക്കൾ ആരോപണമുന്നയിക്കുന്നത്. 2013-ൽ ബി.ജെ.പി.വിട്ട ബി.എസ്. യെദ്യൂരപ്പയുടെ പ്രസ്താവന ബി.ജെ.പി. നേതാക്കൾ ഓർക്കുന്നത് നല്ലതാണ്. ദേശീയ രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാൻ കർണാടകത്തിന് കഴിയും. വി.പി. സിങ്ങിന് പ്രധാനമന്ത്രിയാകാൻ സാഹചര്യമൊരുക്കിയത് കർണാടകമാണ്.

കാർഷിക വായ്പ എഴുതിത്തള്ളിയത് മുതൽ ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു. പാവപ്പെട്ടവരുടെ ഉന്നമനമാണ് ലക്ഷ്യം. ഗ്രാമങ്ങളിൽ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനും കഴിഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം സുതാര്യമാക്കാൻ കഴിഞ്ഞു. അഴിമതിക്കർക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച് സുതാര്യമായ ഭരണം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us