ബെംഗളൂരു: കർണാടകയിൽ ഈ വർഷത്തെ എച്ച്1എൻ1 പകർച്ചപ്പനി മരണം ആറായി. ബെംഗളൂരു സഞ്ജയ് ഗാന്ധി ആശുപത്രിയിൽ 12നു ഹാസൻ ജില്ലയിൽനിന്നുള്ള ഉമാദേവി ലോകേഷാണ് (52) ഒടുവിൽ മരിച്ചത്. മരണസംഖ്യ ഏറുന്നതോടെ, നമ്മ മെട്രോയും ബിഎംടിസിയും ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്നവർ ആശങ്കയിൽ. പേടിക്കേണ്ട സാഹചര്യമില്ലെന്നു ബെംഗളൂരു നഗരസഭാ (ബിബിഎംപി) അധികൃതർ വ്യക്തമാക്കി.
പനി നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ബെംഗളൂരു വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വര ബിബിഎംപിയുടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. മേയർ ഗംഗാബികെ മല്ലികാർജുൻ, ബിബിഎംപി കമ്മിഷണർ മഞ്ജുനാഥ പ്രസാദ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി കർമപദ്ധതിക്കു രൂപം നൽകി.
സംസ്ഥാനത്ത് ഇതുവരെ രോഗലക്ഷണങ്ങളുള്ള 4902 പേരെ പരിശോധിച്ചതിൽ 496 പേർക്കാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്. പനി ലക്ഷണം കണ്ടാലുടൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നു പരമേശ്വര ആശുപത്രികൾക്കുനിർദേശം നൽകി. വടക്കൻ കർണാടകയിലും മറ്റും പനിബാധിതർക്കു രോഗപരിശോധന നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതിക്ക് ഉടൻ പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.