ബെംഗളൂരു : വൈകിട്ട് പുറപ്പെടുന്ന കൊച്ചുവേളി ട്രെയിനിലെ (16315–16) റിസർവേഷൻ കോച്ചുകളിൽ സീസൺ ടിക്കറ്റുകാരുടെ ഇടിച്ചുകയറ്റം വീണ്ടും. മലയാളികൾ ഉൾപ്പെടെയുള്ള ദീർഘദൂര യാത്രക്കാരാണ് ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. രണ്ടു മിനിറ്റ് മാത്രം നിർത്തുന്ന കെആർ പുരം സ്റ്റേഷനിൽ സീസൺ ടിക്കറ്റുകാർ ഇടിച്ചു കയറിയ ശേഷം ഏതാനും സെക്കൻഡുകൾ മാത്രമാണ് മറ്റുള്ളവർക്കു ട്രെയിനിൽ കയറാൻ ലഭിക്കുന്നത്. കുടുംബവുമായും വലിയ ബാഗുകളുമായും വരുന്നവർക്ക് അകത്തു കയറാൻ കഴിയാത്ത വിധം വാതിൽക്കൽ തടസ്സം സൃഷ്ടിക്കുന്നവരുമുണ്ട്.
ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോൾ ജീവൻ പണയം വച്ചാണ് പലരും കയറിപ്പറ്റുന്നത്. ട്രെയിനിൽ കയറാൻ കഴിയാതെ യാത്രമുടങ്ങിയവരുമുണ്ട്. ബെംഗാരപേട്ട്, കുപ്പം എന്നിവിടങ്ങളിൽ നിന്നു ബെംഗളൂരുവിൽ ജോലിക്കെത്തുന്നവരാണ്കൊച്ചുവേളി ട്രെയിൻ കയ്യടക്കുന്നത്. വൈകിട്ട് 4.50നു സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ അഞ്ചരയോടെ കെആർ പുരത്ത് എത്തും. ഇതിനകം നൂറുകണക്കിനു സീസൺ യാത്രക്കാർ റിസർവേഷൻ കോച്ചുകൾക്കു മുന്നിലെത്തും.
കൂട്ടത്തോടെ ഇടിച്ചു കയറുന്ന ഇവർ, സീറ്റുകളെല്ലാം കയ്യടക്കുന്നതിനാൽ പിന്നാലെ കയറുന്ന ദീർഘദൂര യാത്രക്കാർ ഇവർ ഇറങ്ങുന്നതുവരെ നിന്നു യാത്ര ചെയ്യണം. ഇതു ചോദ്യം ചെയ്യുന്നവരുമായി വാക്കേറ്റമുണ്ടാകുന്നതും പതിവാണ്. കഴിഞ്ഞവർഷം സമാന സംഭവം ഉണ്ടായപ്പോൾ മലയാളി യാത്രക്കാരും സംഘടനകളും പരാതിയുമായി റെയിൽവേയെ സമീപിച്ചിരുന്നു. അതിനു ശേഷം മാസങ്ങളോളം പരിശോധന കാര്യക്ഷമമായിരുന്നു. എന്നാൽ പിന്നീടിത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായി ചുരുങ്ങുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.