ബെംഗളൂരുവിനെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍ നമുക്ക് ഇദ്ദേഹത്തെ വിസ്മരിക്കാന്‍ കഴിയില്ല, ഇന്ന് കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ഒന്നിച്ചു ജീവിക്കുന്ന സ്ഥലം ,അല്ലെങ്കില്‍ ഇന്ത്യയുടെ സിലികോണ്‍ വാലി എന്ന് വിളിക്കപ്പെടുന്ന സ്ഥലം അല്ലെങ്കില്‍ “പൂന്തോട്ടനഗരം” “ആരാമനഗരം” എന്ന് അറിയപ്പെടുന്ന സ്ഥലം ഏതു കൊടും വേനലിലും ഒരു ചെറിയ കുളിര് മനസ്സിനും ശരീരത്തിനും സമ്മാനിക്കുന്ന ഏക മെട്രോ നഗരം ..
ജോലിയുടെ അവശതയില്‍ എം ജീ റോഡിലെ ഏതെങ്കിലും ഒരു ഭക്ഷണ കേന്ദ്രത്തിന്റെ(പബ് എന്നോ ഡിസ്ക് എന്നോ വിളിചോളൂ) അരണ്ട വെളിച്ചത്തില്‍ സുതാര്യമായ മഞ്ഞ ചില്ലു ഗ്ലാസ് ചുണ്ടോടടുപ്പിക്കുമ്പോള്‍…ലാല്‍ ബാഗിലെയോ കബ്ബന്‍ പാര്‍ക്കിലെയോ വലിയ മരങ്ങള്‍ക്ക് താഴെ അല്ലെങ്കില്‍ സിമെന്റ് ചാരുബഞ്ചിന്റെ തണലില്‍ പരസ്പരം മറന്ന് മടിയില്‍ തല ചായ്ച്ചു കിടക്കുമ്പോള്‍ ഈ നഗരത്തിന്റെ കഥ നമ്മളില്‍ എത്രപേര്‍ ഓര്‍ക്കാറുണ്ട് ?
ഇങ്ങനെ ഒരു നഗരം എങ്ങനെ പിറവി എടുത്തു ?,എങ്ങനെയാണു ഈ നഗരത്തിനു ഈ പേര് വന്നു ആരാണ് ഈ നഗരത്തിന്റെ നിര്‍മാതാവ് ? നമ്മള്‍ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതല്ലേ ?? അതേ ഇന്ന് നമ്മള്‍ കാണുണ ഈ നഗരം സൃഷ്ടിച്ചതിനു നമ്മള്‍ നന്ദി പറയേണ്ടത് മറ്റാരോടും അല്ല അദ്ധേഹത്തിന്റെ പേരാണ് ശ്രീ ഹിരിയ കെമ്പേഗൌഡ..
ബെംഗളൂരുവില്‍ ബസ് സ്റ്റാൻ്റിൽ വന്നിറങ്ങുമ്പോള്‍ ഈ പേര് പലയിടത്തും എഴുതിവച്ചത് നിങ്ങള്‍ കണ്ടിരിക്കും ഇപ്പോള്‍ കെ.ബി.എസ് എന്ന് ബസ്സിനു മുകളില്‍ എഴുതി വച്ചിരിക്കുന്നത് കാണാം അതിനര്‍ത്ഥം കെമ്പേഗൌഡ ബസ് ടെര്‍മിനൽ,വിമാനത്തില്‍ വന്ന്‍ ഇറങ്ങുന്നവര്‍ക്ക് “കെമ്പേഗൌഡ അന്താരാഷ്ട്ര ഹവായ് ആഡ്ടെ പര്‍ ആപ് ക സ്വാഗത് ഹൈ ”.. സത്യത്തില്‍ ഇദ്ധേഹം ആരാണ് ??
കെമ്പേഗൌഡയുടെ ചരിത്രം അത് ബെംഗളൂരുവിന്റെ കഥയാണ്,അല്ലെങ്കില്‍ ബെംഗളൂരുവിന്റെ ചരിത്രം അത് കെമ്പേഗൌഡയുടെ കഥയാണ്..
ബെംഗളൂരു നഗരത്തിനു ആ പേര്‍ എങ്ങനെ വന്നു??അതും ഒരു കഥയാണ്.
വിജയനഗര സാമ്രാജ്യം നിങ്ങള്‍ കേട്ടിട്ടില്ലേ ,നമുക്ക് മലയാളികള്‍ക്ക് തെന്നാലി രാമന്‍ വഴി ആണല്ലോ വിജയനഗര സാമ്രാജ്യത്തെ കുറിച്ച് കൂടുതല്‍ അറിയുന്നത്,വിജയനഗര സാമ്രാജ്യത്തിലെ ഒരു സാമന്തന്‍ ആയിരുന്നു കെമ്പേഗൌഡ അദ്ദേഹം യെലഹങ്ക (ഈ സ്ഥലത്തിന് ആ പേര് എങ്ങിനെ വന്നു എന്നത് മറ്റൊരു ദിവസം പറയാം) എന്നാ സ്ഥലം കേന്ദ്രമാക്കിയാണ് ഭരണം നടത്തിയിരുന്നത്…
ഒരിക്കല്‍ പരിവാര സമേതം അടുത്തുള്ള കാട്ടിലേക്ക് വേട്ടക്കിറങ്ങി.. ശിവനസമുദ്രം ആയിരുന്നു ലക്‌ഷ്യം .. ഗംഭീരന്‍ വെട്ടയെല്ലാം കഴിഞ്ഞപ്പോള്‍ തിരിച്ചു വരാന്‍ നേരത്ത് വഴി തെറ്റിയതായി അദ്ദേഹത്തിന് മനസ്സിലായി ..
കറങ്ങി കറങ്ങി കറങ്ങി തിരിഞ്ഞു ഒരു ഗ്രാമത്തില്‍ എത്തി ,കരുതിയിരുന്ന ഭക്ഷണമെല്ലാം തീര്‍ന്നിരിക്കുന്നു വിശപ്പ് കൊണ്ട് കണ്ണുകാണാന്‍ വയ്യാത്ത അവസ്ഥ,ഉടനെ തന്നെ മുന്നില്‍ കണ്ട വീട്ടിലേക്കു കയറി.അവിടെ ഉള്ള വയസ്സായ സ്ത്രീയോട് കാര്യം പറഞ്ഞു.തന്റെ അതിഥിയെ സ്വീകരിച്ചു ഇരുത്തിയത്തിനു ശേഷം ആ പാവം സ്ത്രീ അകത്തേക്ക് പോയി വേവിച്ച പയറുമണികള്‍ എടുത്തു കൊണ്ട് വന്നു അതിഥിക്ക് നല്‍കി, കെമ്പേഗൌഡ അതുകഴിച്ചു.
കന്നഡ ഭാഷയില്‍ വേവിച്ച പയര്‍ എന്ന് അര്‍ഥം വരുന്ന “ബന്തകാള” ലഭിച്ച സ്ഥലത്തെ “ബന്ത-കാള-ഊര്” “ഊര് എന്നാല്‍ സ്ഥലം അല്ലെങ്കില്‍ ഇടം“ഈ ബന്ത-കാള-ഊര് ആണ് പിന്നീട് ബെന്ഗളൂരു ആയതു ഇംഗ്ലീഷുകാര്‍ ആ സ്ഥലത്തെ ബാംഗ്ലൂര്‍ എന്ന് വിളിച്ചു …
ഈ കഥ ഇവിടെ തീരുന്നു പക്ഷെ മഹാനായ കെമ്പേഗൌഡ യുടെയും ബെംഗളൂരുവിന്റെയും എന്റെയും നിങ്ങളുടെയും കഥ ഇവിടെ തുടങ്ങുകയാണ്..
എന്നിട്ട് കെമ്പേഗൌഡ എന്ത് ചെയ്തു,വെറും ഒരു പേര് നല്‍കിയ വ്യക്തിയെ ഇങ്ങനെ ഓര്‍ക്കേണ്ടതുണ്ടോ?
എന്നാല്‍ നമ്മള്‍ പലരെപ്പോലെയും കെമ്പേഗൌഡ അവിടെ നിര്‍ത്തിയില്ല 1510 ല്‍ മാഗടി എന്ന സ്ഥലത്ത് ജനിച്ച ഹിരിയ കെമ്പേഗൌഡ എന്നാ നമ്മുടെ കഥാനായകന്‍ 1537 ല്‍ “ബന്ത-കാള-ഊരിനെ”വികസിപ്പിച്ചു തന്റെ തലസ്ഥാനമാക്കി മാറ്റി,പിന്നീടു കര്‍ണാടക എന്ന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ അതിന്റെ തലസ്ഥാനമാക്കി മാറ്റാന്‍ ഇന്നുള്ള രാഷ്ട്രീയ നേതൃത്വത്തിന് ഒട്ടും ചിന്തിക്കേണ്ടി വന്നില്ല കാരണം ഒരു തലസ്ഥാനത്തിനു ,അല്ലെങ്കില്‍ ഒരു നഗര ജീവിതത്തിനു വേണ്ട എല്ലാം കെമ്പേഗൌഡ തന്നെ ഒരുക്കിയിരുന്നു.
യാത്ര സംവിധാനത്തിനു ആവശ്യമായ റോഡുകള്‍,ജലസേചനത്തിന് ആവശ്യമായ ചെറിയ തടാകങ്ങള്‍ (ടാങ്കുകള്‍ ),വില്പന നടത്താന്‍ ആവശ്യമായ ചന്തകള്‍ ,മാര്‍ക്കറ്റുകള്‍ അങ്ങനെ എല്ലാം ..
കെമ്പേഗൌഡയുടെ ജീവിതത്തിലേക്ക് ഒന്ന് എത്തിനോക്കാം, 70 വര്‍ഷത്തില്‍ അധിക കാലം യെലഹങ്ക നാട് ഭരിച്ചിരുന്ന പ്രഭു ആയിരുന്നു കേമ്പനാന്‍ജ ഗൌഡ യുടെ മകനായി ആണ് ശ്രീ ഹിരിയ കെമ്പേഗൌഡയുടെ ജനനം.
ചെറുപ്പകാലത്ത് തന്നെ നേതൃത്വഗുണങ്ങള്‍ കാണിച്ചു തുടങ്ങിയ മകനെ അദ്ദേഹം ഒന്‍പതാം വയസ്സില്‍ ഗുരുകുല വിദ്യാഭ്യാസത്തിന് അയച്ചു. (ഇന്നത്തെ ഹെസരുഘട്ട എന്നാ സ്ഥലത്തിന് അടുത്തുള്ള ഐവരുകണ്ടാപുരം-ഐഗോണ്ടാപുരം) അവിടെയാണ് കെമ്പേഗൌഡ എന്ന ദീര്‍ഘ ദര്‍ശി പിറവി എടുക്കുന്നത്.
നഗരത്തില്‍ ഇന്ന് നിങ്ങള്‍ കാണുന്നു ഫ്ലൈ ഓവറുകളും വലിയ കെട്ടിടങ്ങളും മാളുകളും ഒഴികെ എല്ലാം കെമ്പേഗൌഡ പണികഴിപ്പിച്ചതാണ്.
ഇന്ന് കാണുന്ന കന്റോന്‍മെന്റ്,ബാംഗ്ലൂര്‍ ഫോര്‍ട്ട് ,ജല സംഭരണികള്‍ എന്തിനധികം പറയുന്നു ഓരോ ബിസിനെസ്സുകള്‍ നടത്തുന്നവര്‍ക്ക് പ്രത്യേകം മാര്‍ക്കറ്റുകള്‍ നിര്‍മിച്ചു നല്‍കിയത് കെമ്പേഗൌഡ ആയിരുന്നു.ഇതില്‍ പല മാര്‍ക്കറ്റ് കളുടെ പേരുകള്‍ നിങ്ങൾക്ക് എല്ലാവര്ക്കും അറിയാം….ഇല്ലെങ്കില്‍ തുടര്‍ന്ന് വായിക്കുക..
1537 ല്‍ വിജയനഗര രാജാവില്‍ നിന്നും ആവശ്യമായ അനുമതി ഒക്കെ വാങ്ങിയതിനു ശേഷമാണ് തലസ്ഥാനത്തെ യെലഹങ്കയില്‍ നിന്നും ബെംഗളൂരുവിലേക്ക് അദ്ദേഹം മാറ്റിയത് ,അതിനു വേണ്ടി ഒരു തകര്‍പ്പന്‍ കോട്ടയും നിര്‍മിച്ചു..തീര്‍ന്നില്ല.കോട്ടയുടെ വിശേഷങ്ങള്‍ അറിയേണ്ടേ??
എട്ടു വാതിലുകള്‍ ഉള്ള ഒരു ചുവപ്പ് കോട്ട,( ഈ കോട്ടയാണ് കെമ്പേഗൌഡ പാലസ് എന്ന് അറിയപ്പെടുന്നത് ,കൻ്റോൺമെന്റ് നു സമീപം ഉള്ള പാലസ് റോഡ് കണ്ടിട്ടില്ലേ അതാണ് ആ കൊട്ടാരത്തിലേക്ക് ഉള്ള വഴി, (വൈശാഖിന്റെ കസിന്‍സ് എന്നാ മലയാള സിനിമയില്‍ കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ഡാന്‍സ് കളിക്കുന്നത് ഇതേ കൊട്ടാരത്തിന്റെ മുന്നിലാണ് )അതില്‍ നാല് റോഡുകള്‍ ഒന്നും കിഴക്കുനിന്നും പടിഞ്ഞാറേക്ക് മറ്റൊന്ന് തെക്കുനിന്നും വടക്കോട്ട് ,ബാക്കി നാലെണ്ണം ഉപ്പോ ഉള്ളതിന് ലംഭംയും തിരശ്ചീനമായും..
കിഴക്ക് നിന്നും പടിഞ്ഞാരു ഉള്ള റോഡ് ആണ് ഹലസുര്‍ (അത്ഭുതപ്പെടേണ്ട നമ്മുടെ അള്‍സൂര്‍ തന്നെ) മുതല്‍ സോണ്ടെകൊപ്പവരെ നര്‍ഗര്തെപെട്ട മുതല്‍ ചിക് പെട്ട വരെ മറ്റൊരു റോഡ്..ഇവിടെയും ബുദ്ധിമാന്‍ ആയ കെമ്പേഗൌഡ യുടെ സ്വപനങ്ങള്‍ അവസാനിച്ചില്ല.
തന്റെ നഗരത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കാന്‍ അദ്ദേഹം നാല് മൂലകളില്‍ ആയി ഒരു സ്തൂപങ്ങള്‍ ഉറപ്പിച്ചു അതിലൊന്നു മേക്രി സര്‍ക്കിളിന്റെ സമീപത്തും മറ്റൊന്ന് അള്‍സൂര്‍ തടാകത്തിലും മറ്റൊന്ന് ബുള്‍ ടെമ്പിള്‍ന്റെ സമീപത്തും എന്നാല്‍ നാലാമത് ലാല്‍ബാഗിന്റെ ഉള്ളിലും സ്ഥിതി ചെയ്യുന്നു (നിങ്ങളില്‍ പലരും ലാല്‍ ബാഗിന്റെ പാറക്കൂട്ടങ്ങളുടെ മുകളില്‍ ഒരു സ്തൂപം നില്‍ക്കുന്നത് കണ്ടിട്ടുണ്ടാകും,സ്തൂപത്തിന്റെ ചിത്രം തന്നെയാണ് ബി ഡി എ-ബെംഗളൂരു വികസന അതോറിറ്റി തങ്ങളുടെ ലോഗോ ആയി ഉപയോഗിക്കുന്നത് “ഗോത്തായിതാ ?”)
ദോട്ടെപെട്ടെ (സ്ഥലം നമ്മുടെ അവന്യു റോഡ് തന്നെ ,പഴയതും പുതിയതുമായ പുസ്തകങ്ങള്‍ റോഡ് സൈഡിലും അല്ലാതെയും വില്‍ക്കുന്ന ആ ഇടുങ്ങിയ റോഡ് തന്നെ) ,ചിക് പെട്ടെ (ചിക്പെട്ട് എന്ന് വിളിക്കുന്ന സ്ഥലം അറിയാത്തവര്‍ ബെംഗളൂരുവില്‍ ഉണ്ടാവില്ല,തുണിത്തരങ്ങള്‍ നല്ല വിലക്കുറവില്‍ ലഭിക്കും എന്ന് നമ്മള്‍ വിശ്വസിക്കുന്ന ഒരു സ്ഥലം),നഗര്തപെട്ടെ തുടങ്ങിയ സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്തു കൊണ്ട് അവിടെ സാധാരണ എല്ലാ വസ്തുക്കളും വില്‍ക്കാനുള്ള അനുമതി നല്‍കി..
എന്നിട്ടോ പരുത്തി വില്‍ക്കാനുള്ള മാര്‍ക്കറ്റിനു അരളിപെട്ടെ (കോട്ടന്‍പെട്ട് എന്ന് അംഗലേയം) എന്നാ പേര് നല്‍കി തരഗുപെട്ടെ(തരാഗ് –ധാന്യം) എന്നാ പ്രത്യേക മാര്‍ക്കട്ടിലേക്ക് ധാന്യ കച്ചവടക്കാരെ ക്ഷണിച്ചു , അക്കി പെട്ടെ (ആക്കി- അരി) എന്ന ഇടത്തില്‍ അരിയും ബാലേപെട്ടെ (ബാലേ-വള ) എന്നാ സ്ഥലത്തും വളയും വില്‍ക്കാനുള്ള സ്ഥലങ്ങള്‍ ആക്കി മാറ്റി..തീര്‍ന്നില്ല..കുറുബ,കുംഭാര,ഗണിക,ഉപ്പാറ തുടങ്ങിയവര്‍ക്ക് അവര്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ വിറ്റഴിക്കാന്‍ വേറെ വേറെ മാര്‍ക്കറ്റുകള്‍ സ്ഥാപിച്ചു…നോക്കു എത്ര “പ്ലാന്‍ട്” ആണ് കെമ്പേഗൌഡ എന്ന്.
ഇന്നത്തെ ഭരണധികാരികള്‍ക്ക് ഇതിനു കഴിയുന്നുണ്ടോ?
യെലഹാങ്കഗേറ്റ്ന്റെ വടക്ക് ഭാഗത്ത് ഗണപതിയുടെയും ഹനുമാന്റെയും ഒരു ക്ഷേത്രങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു,ഈ ക്ഷേത്രങ്ങള്‍ നിങ്ങളില്‍ പലരും കണ്ടിട്ടുണ്ട് എവിടെയാണെന്ന് അറിയാമോ കോര്‍പറേഷന്‍ സര്‍ക്കിളില്‍ നിന്ന്.മജെസ്റ്റിക് ബസ് സ്റ്റാന്റ് ലേക്ക് പോകുന്ന വഴിയില്‍ മൈസൂര്‍ ബാങ്ക് എന്നാ സ്റ്റോപ്പില്‍ രണ്ടു വശത്തുമായി ഒരു ചെറിയ ക്ഷേത്രങ്ങള്‍ കണ്ടിട്ടില്ലേ അവ ശ്രീ കെമ്പേഗൌഡ നിര്‍മിച്ചതാണ്..
ജല ലഭ്യതയ്ക്ക് വേണ്ടി എത്രയോ ജലസംഭരണികളും അദ്ദേഹം നിര്‍മിച്ചു ഇപ്പോഴത്തെ കെ ആര്‍ മാര്‍ക്കറ്റ്‌ന്റെ (കൃഷണ രാജേന്ദ്ര മാര്‍ക്കറ്റ്) ന്റെ തെക്ക് കിഴക്ക് ഭാഗത്ത് ഉള്ള ആ കുളം അദ്ദേഹം നിര്‍മിച്ചതാണ്..ധാര്‍-മംബുധി ടാങ്ക്,കേമ്പബുധി ടാങ്ക്,സെമ്പികബുധി ടാങ്ക്,ശാന്കി ടാങ്ക് തുടങ്ങിയ ജല സംഭരിണികള്‍ നിര്‍മിച്ചതും അദ്ദേഹം തന്നെ.
അദ്ധേഹത്തിന്റെ പ്രവര്‍ത്തനം കണ്ട് സംതൃപ്തനായ വിജയനഗര രാജാവ് ഹലസൂരു,ബേഗൂര്‍,വരതൂര്‍,തലഘട്ടപുര,കുംബല്ഗോട്,ജിഗനി,കെങ്കേരി ,ഭാനവാര തുടങ്ങിയ സ്ഥലങ്ങള്‍ കൂടെ ചേര്‍ത്ത് നല്‍കി.
ഒരു സാമൂഹ്യ പരിഷ്കര്‍ത്താവ് കൂടിയായിരുന്നു കെമ്പേഗൌഡ,അക്കാലത്തു വോക്കലിന്ഗ സമുദായക്കാരുടെ ഇടയില്‍ ഉണ്ടായിരുന്ന ഒരു അനാചാരമായിരുന്നു “ബണ്ടി ദേവരു” എന്നാല്‍ വിവാഹിതരായ സ്ത്രീകളുടെ ഇടതുകയ്യിലെ അവസാനത്തെ രണ്ടു വിരലുകള്‍ മുറിച്ചു കളയുന്ന പരിപാടി.അത് നിർത്തലാക്കിയത് കെമ്പേഗൌഡ ആയിരുന്നു.
ധീഷണ ശാലിയും കൂര്‍മ ബുദ്ധിയും ആയ കെമ്പേഗൌഡ സ്വന്തമായി നാണയം നിര്‍മിച്ച് സ്വന്തം നാട്ടില്‍ വിനിമയം ആരംഭിച്ചു,എന്നാല്‍ ഇത് അംഗീകരിക്കാന്‍ അന്നത്തെ വിജയ നഗര രാജാവ് തയ്യാറില്ലായിരുന്നു ,രാജാവില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെ നാണയം പുറത്തിറക്കിയത് തെറ്റാണു എന്ന് കാണിച്ചു വിജയനഗര രാജാവ് കെമ്പേഗൌഡയെ കല്‍ തുറങ്കിൽ അടച്ചു.
അഞ്ചു വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടിവന്ന ആ ധീഷണശാലി 1569ല്‍ മരിച്ചു.
1513 മുതല്‍ 46 വർഷം കെമ്പേഗൌഡ ബെന്ഗലൂരുവിനെ തലസ്ഥാനമാക്കി നാട് ഭരിച്ചു.
ഈ നഗര പിതാവിനെ ഇന്നും ബെംഗളൂരുകാര്‍ സ്മരിക്കുന്നു,ആദരിക്കുന്നു.ഗവി ഗംഗധരെശ്വര ക്ഷേത്രത്തിന്റെ മുന്‍പില്‍ 1609 ല്‍ കെമ്പേഗൌഡയുടെ ബഹുമാനാര്‍ഥം ഒരു ലോഹ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.1964 ല്‍ ബെംഗളൂരു കോര്‍പറേഷന്‍ ന്റെ മുന്‍പിലും ഒരു ലോഹ പ്രതിമ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ചു.2012ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ ബെംഗളൂരു വിമാനത്താവളത്തിന് അദ്ധേഹത്തിന്റെ പേര് നല്‍കി.
കേമ്പെഗൌടയുടെ ശവകുടീരം കണ്ടെത്തിയതായി പുതിയ വാര്‍ത്തകള്‍ വന്നിട്ടുണ്ട്,ഇതുമായി ബന്ധപ്പെട്ടു സെപ്റ്റംബര്‍ 9 നു ബാംഗ്ലൂര്‍ മിറര്‍ ല്‍ വന്ന റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
https://www.youtube.com/watch?v=5FhV6YWNkAY
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.