ബെംഗളൂരു: വിവിധ സാഹചര്യങ്ങളിൽ സംസ്ഥാനത്ത് കാണാതായവരെ കണ്ടെത്താത്തതിൽ പോലീസിന് അതിരൂക്ഷവിമർശവുമായി ഹൈക്കോടതി. കാണാതായവർ തീവ്രവാദസംഘടനകളിൽ ചേർന്നിട്ടില്ലെന്ന് എന്താണുറപ്പെന്ന് ആരാഞ്ഞ കോടതി, അത്തരമൊരു സാഹചര്യമാണെങ്കിൽ ജനങ്ങൾ ബോംബിനുമുകളിലിരിക്കുന്ന അപകടകരമായ സ്ഥിതിയിലാണെന്നും വ്യക്തമാക്കി. മൈസൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയിൽനിന്നും 2012-13 കാലഘട്ടത്തിൽ കാണാതായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാൻ, ജസ്റ്റിസ് ബി. എം. ശ്യാംപ്രസാദ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിമർശം.
2015 മുതൽ 2018 വരെ പരാതി ലഭിച്ചിട്ടും കണ്ടെത്താൻ കഴിയാത്തത് 7000- ത്തോളം കേസുകളാണെന്ന് സർക്കാർ കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചിരുന്നു. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി ഇവരുടെ സാമ്പത്തിക, സാമൂഹിക പശ്ചാത്തലങ്ങളെക്കുറിച്ച് അന്വേഷിച്ചോയെന്നും ആരാഞ്ഞു. രാജ്യത്തിന്റെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായ ബെംഗളൂരുവിന്റെ സുരക്ഷിതത്വത്തിന് ഇതുയർത്തുന്ന ഭീഷണിയെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ടെന്നും ഓർമിപ്പിച്ചു.
കാണാതാകുന്നവരെ കണ്ടുപിടിക്കാൻ പോലീസ് കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നേരത്തേ പോലീസിനെതിരേ പരാതിയുയർന്നിട്ടുണ്ട്. കുട്ടികളെയുൾപ്പെടെ മറ്റുസംസ്ഥാനങ്ങളിലെ പാറമടകളിലും വീടുകളിലും അനധികൃതമായി ജോലിക്കെത്തിക്കുന്ന സംഘം സംസ്ഥാനത്ത് സജീവമാണെന്നും വിവിധ സന്നദ്ധസംഘടനകൾ ചൂണ്ടിക്കാട്ടിയുണ്ട്. സംസ്ഥാന പോലീസോ ഇന്റലിജൻസ് വിഭാഗമോ അന്വേഷിച്ച് നടപടികളെടുക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. അതേസമയം, 240 കേസുകൾ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂണിറ്റിന് കൈമാറിയിട്ടുണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. എന്നാൽ ഇവയുടെ അന്വേഷണറിപ്പോർട്ട് ലഭിച്ചിട്ടില്ല.
വനിതാ ശിശുക്ഷേമവകുപ്പിനോടും ഡി.ജി.പി.യോടും കാണാതായവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. മൈസൂരുവിലെ സന്നദ്ധ സംഘടനയിൽനിന്ന് കാണാതായ അഞ്ചുസ്ത്രീകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.