തിരുവനന്തപുരം: കാർ അപടകത്തിൽ അതീവ ഗുരുതര പരിക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മകൾക്ക് ദാരുണ മരണം. രണ്ടു വയസ്സുകാരി തേജസ്സ്വി ബാലയാണ് മരിച്ചത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ദൈവം നൽകിയ കൺമണിയാണ് അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള കാർ യാത്രയ്ക്കിടെ മരണത്തെ പുൽകിയത്. 15 വർഷത്തോളമുള്ള കാത്തിരിപ്പിനും നേർച്ചകാഴ്‌ച്ചകൾക്കു മൊടുവിലാണ് ബാലഭാസ്‌ക്കറിനും ഭാര്യയ്ക്കും കുഞ്ഞു പിറന്നത്. എന്നാൽ ആ കുഞ്ഞിനെ ക്ഷേത്ര ദർശനത്തിന് ശേഷം തിരികെ മടങ്ങവേ കാർ അപകടത്തിന്റെ രൂപത്തിൽ ദൈവം തന്നെ തിരികെ വിളിക്കുകയായിരുന്നു.
അതേസമയം മകളുടെ മരണ വാർത്ത അതിതീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. അപകടം ഉണ്ടായ ഉടനെ തന്നെ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത കുഞ്ഞിനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തൃശ്ശൂർ വടക്കുംനാഥക്ഷേത്ര ദർശനത്തിനു ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് അപകടം. കാർ പൂർണമായും തകർന്നു. ബാലഭാസ്‌കർ, ഭാര്യ, മകൾ, ഡ്രൈവർ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരുടെ പരിക്കുകൾ അതീവ ഗുരുതരമാണെന്നാണ് സൂചന. കാർ പൊളിച്ചാണ് ഇവരെ പൊലീസ് പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്.
നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മരത്തിലിടിച്ച് കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മലയാളത്തിലെ യുവ സംഗീതജ്ഞരിൽ ഏറ്റവും ശ്രദ്ധേയനാണ് ബാലഭാസ്‌കർ. പഠനകാലത്ത് തന്നെ വയലിന് മികവ് കാട്ടിയ പ്രതിഭയാണ് ബാലഭാസ്‌കർ. എആർ റഹ്മാനെ പോലുള്ള സംഗീതജ്ഞരും ബാലഭാസ്‌കറിന്റെ മികവുകളെ അംഗീകരിച്ചിട്ടുണ്ട്.
മൂന്ന് വയസ് മുതൽ വയലിനിസ്റ്റായ അമ്മാവൻ ബി.ശശികുമാറിന്റെ ശിക്ഷണത്തിൽ ചിട്ടയായി സംഗീതം അഭ്യസിച്ച ബാലഭാസ്‌കർ ആദ്യമായി വയലിനുമായി സ്റ്റേജിൽ എത്തിയത് പന്ത്രണ്ടാം വയസിലാണ്. അഞ്ച് വർഷം അടുപ്പിച്ച് കേരള യൂണിവേഴ്‌സിറ്റിയിൽ വയലിനിൽ ഒന്നാം സ്ഥാനം നേടിയ ബാലഭാസ്‌കർ 17ാം വയസിൽ ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയ്ക്ക് സംഗീതം ചെയ്തു കൊണ്ട് മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകനായി. മൂന്ന് സിനിമകൾക്കും നിരവധി ആൽബങ്ങൾക്കും സംഗീതമൊരുക്കിയ ബാലഭാസ്‌കർ കോളജ് കാലത്ത് തന്നെ കൺഫ്യൂഷൻ എന്ന പ്രൊഫഷണൽ ബാൻഡ് ഒരുക്കിയിരുന്നു. പിന്നീട് ബിഗ് ഇന്ത്യൻ ബാൻഡ് ക്രിയേറ്റ് ചെയ്തു. ഇപ്പോഴത്തെ ബാൻഡിന്റെ പേര് ബാലലീല.
കർണാടക സംഗീതത്തിലെ ലിറിക്‌സ് മനസിലാക്കി പാടുക എന്ന ലക്ഷ്യത്തോടെയാണ് ബാലഭാസ്‌കർ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് സംസ്‌കൃതത്തിൽ എം എ എടുത്തത്. രണ്ടാം റാങ്കോടെ എം എ പാസായി. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയതും ഇന്റോ വെസ്റ്റേൺ ഫ്യൂഷൻ മലയാളത്തിന് പരിചയപ്പെടുത്തിയതും ബാലഭാസ്‌കറായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.