ബെംഗളൂരു: നഗരത്തിലെ നിർദിഷ്ട ആകാശപാത (elevated corridor) പദ്ധതിക്ക് വേണ്ടിവരിക 19,265 കോടിരൂപയെന്ന് കണക്ക്. പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ട 140.5 ഏക്കർ സ്ഥലത്തിന്റെ വില ഉൾപ്പെടാതെയാണിത്. ഇതോടൊപ്പം 1130 കെട്ടിടങ്ങളും ഏറ്റെടുക്കേണ്ടിവരും. ഇവയിൽ ഭൂരിഭാഗവും വാണിജ്യ സ്ഥാപനങ്ങളാണ്.
ഇവ ഏറ്റെടുക്കുന്നതിന് ആവശ്യമായിവരുന്ന ചെലവ് കണക്കാക്കിവരുന്നതേയുള്ളു. എന്നാൽ നഗരത്തിൽ വർഷങ്ങളായി റോഡ് നവീകരണത്തിനുപോലും സ്ഥലമേറ്റെടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
നഗരത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന പദ്ധതി 2016 മുതലാണ് സജീവ ചർച്ചയാകുന്നത്. 102 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ സാധ്യതാ പഠനത്തിനുശേഷം നിർമാണച്ചെലവായി കണക്കാക്കിയത് 14,539 കോടിരൂപയാണ്.
അനുബന്ധ റോഡുകളും മറ്റുസൗകര്യങ്ങളും നിർമിക്കാനുള്ള ചെലവുകൂടി കണക്കാക്കുമ്പോഴാണ് ചെലവ് 19,265 കോടിയിലെത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ ചെലവ് താങ്ങാനുള്ള ശേഷി സർക്കാരിനുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഹെബ്ബാൾ-സെൻട്രൽ സിൽക്ക് ബോർഡ്, കെ.ആർ. പുരം- ഗോർകുണ്ടെപാളയ, വർത്തൂർ കോടി- ജ്ഞാനഭാരതി, സെയ്ന്റ് ജോൺസ് ആശുപത്രി-അഗര, അൾസൂർ-ഡിസൂസ സർക്കിൾ, വീലർ റോഡ് ജങ്‌ഷൻ-കല്യാൺ നഗർ എന്നിങ്ങനെ ആറുഘട്ടങ്ങളായാണ് പദ്ധതി വിഭാവനംചെയ്തിരിക്കുന്നത്.
ഓരോ 15 കിലോമീറ്റർ കൂടുമ്പോഴും ആകാശപാതയിലേക്ക് കയറാനുള്ള പ്രത്യേക റോഡുകളുണ്ടാകും. 58-ഓളം അനുബന്ധ റോഡുകളാണ് ഇതിനായി നിർമിക്കേണ്ടിവരിക. പൊതുജനങ്ങളുടെ അഭിപ്രായം തേടിയതിനുശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തും.
പദ്ധതിയോടനുബന്ധിച്ച് 3800-ഓളം മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരുമെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. ഇതിനെത്തുടർന്ന് പരിസ്ഥിതി പ്രവർത്തകർ ആകാശപാതയ്ക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.
സാമൂഹിക മാധ്യമങ്ങളിലും പദ്ധതിയെ എതിർത്ത് ഒട്ടേറെ ആളുകളാണ് രംഗത്തെത്തിയത്. മെട്രോ രണ്ടാംഘട്ടത്തിന്റെ പണിപൂർത്തിയാകുന്നതോടെ ഇത്തരമൊരു പദ്ധതിക്ക് പ്രസക്തിയില്ലാതാകുമെന്നാണ് ഇവരുടെ വാദം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.