മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐ. എസ്.ആർ.ഒ.യുടെ ചരിത്ര ദൌത്യം കാണികളെ ആകര്‍ഷിക്കുന്നു.

ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐ. എസ്.ആർ.ഒ.യുടെ ദൗത്യത്തെ അടുത്തറിയാം. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന പേടകത്തെയും റോക്കറ്റിനെയും അടുത്തറിയാം. ബെംഗളൂരുവിൽ ആരംഭിച്ച സ്പേസ് എക്സ്‌പോയിലെത്തുന്നവരെ കൂടുതൽ ആകർഷിക്കുന്നതും ഗഗൻയാനെക്കുറിച്ചുള്ള പ്രദർശനമാണ്.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യം 2022-ൽ നടത്താനാണ് തീരുമാനം. ഇതിനുള്ള തയ്യാറെടുപ്പിലാണ് ഐ.എസ്.ആർ.ഒ. ദൗത്യത്തിന് മുന്നോടിയായി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള മൊഡ്യൂൾ പരീക്ഷണം വിജയിച്ചതോടെയാണ് ഗഗൻയാൻ പദ്ധതിക്ക് വേഗംകൂടിയത്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡിന്റെ സഹായത്തോടെയാണ് ഐ.എസ്.ആർ.ഒ. ക്രൂ മൊഡ്യൂൾ സജ്ജമാക്കിയത്. പേടകത്തെ ബഹിരാകാശത്ത് എത്തിച്ചതിനുശേഷം സുരക്ഷിതമായി ഭൂമിയിലെത്തിക്കുകയായിരുന്നു. ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന വലിയ അന്തരീക്ഷ താപത്തെ അതിജീവിക്കാൻ കഴിയുന്ന കവചമാണ് മൊഡ്യൂളിന്റെ പ്രത്യേകത.

ജി.എസ്‌.എൽ.വി. മാർക്ക് മൂന്ന് റോക്കറ്റ് ഉപയോഗിച്ചാണ് മൊഡ്യൂൾ വിക്ഷേപിച്ചിരുന്നത്. വിജയകരമായി പരീക്ഷിച്ച മൊഡ്യൂൾ എക്സ്‌പോയിലെത്തുന്നവർക്ക് നേരിൽ കാണാനാകും. ഇതാണ് ശാസ്ത്ര തത്‌പരരെ ആകർഷിക്കുന്നതും.

ഗഗൻയാൻ ദൗത്യം വിജയിക്കുന്നതോടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയുമെത്തും. ഇനിയുള്ള ദിവസങ്ങളിലെ ലക്ഷ്യം ഗഗൻയാനാണെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവനും എക്സ്‌പോയിൽ വ്യക്തമാക്കി. മൂന്ന് ബഹിരാകാശയാത്രക്കാരെ ബഹിരാകാശത്ത് എത്തിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതേക്കുറിച്ചുള്ള വിവരങ്ങളെല്ലാം സ്പേസ് എക്സ്‌പോയിൽനിന്ന്‌ ലഭിക്കും. ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ച് 16 മിനിറ്റിനകം ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കും. ബഹിരാകാശത്തുനിന്ന് തിരിച്ചിറങ്ങാൻ 36 മിനിറ്റ് വേണ്ടിവരുമെന്നാണ് കണക്ക്.

ബഹിരാകാശരംഗത്ത് ഇന്ത്യ നേടിയ വിജയങ്ങൾ അടുത്തറിയാനുള്ള അവസരമാണ് സ്പേസ് എക്സ്‌പോയിലൂടെ ലഭിക്കുന്നത്. ഐ.എസ്.ആർ.ഒ. വികസിപ്പിച്ച റോക്കറ്റുകൾ, ബഹിരാകാശദൗത്യങ്ങൾ, ഉപഗ്രഹങ്ങൾ, ചന്ദ്രയാൻ ദൗത്യം എന്നിവയെക്കുറിച്ചുള്ള പ്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരു ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന സ്പേസ് എക്സ്‌പോ ശനിയാഴ്ച സമാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us