മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും പരിശീലകനുമായ അജിത്ത് വഡേക്കര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ബുധനാഴ്ച മുംബൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ക്രിക്കറ്റിലെ സമഗ്രസംഭാവനയ്ക്കുള്ള സി.കെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1966-ല്‍ മുംബൈയില്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു അരങ്ങേറ്റം.
37 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 14 അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയുമടക്കം 2113 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു ഏകദിന മത്സരങ്ങള്‍ മാത്രമേ അദ്ദേഹം ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളൂ. നായകനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് വഡേക്കര്‍. രേഖയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
1971-ലെ ഇംഗ്ലണ്ടും വിന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരകളിലെ പ്രകടനമാണ് അജിത്ത് വഡേക്കര്‍ എന്ന ഇടങ്കയന്‍ ബാറ്റ്‌സ്മാനെ ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താരമാക്കിയത്. 1971-ല്‍ വഡേക്കറുടെ നേതൃത്വത്തില്‍ വിന്‍ഡീസിനെതിരേ നേടിയ പരമ്പര വിജയം ഇന്ത്യന്‍ ക്രിക്കറ്റ ചരിത്രത്തിലെ തന്നെ ഒരേടാണ്. 1972-1973 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരായ തുടര്‍ച്ചയായ മൂന്ന് പരമ്പരകളില്‍ വിജയം നേടിയും റെക്കോര്‍ഡിട്ടു.
ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ പരിശീലകനായി സേവനമനുഷ്ഠിച്ച ഇന്ത്യക്കാരനും അജിത്ത് വഡേക്കറാണ്. 1991-1992, 1995-1996 കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായിരുന്നു. 1996 ലോകകപ്പ് സെമിയില്‍ ശ്രീലങ്കയോടേറ്റ തോല്‍വിയോടെ പരിശീലകസ്ഥാനം ഒഴിഞ്ഞു. 1998-1999 ല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള പ്രമുഖര്‍ അജിത്ത് വഡേക്കറുടെ നിര്യാണത്തില്‍ അനുശോചിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.