ബെംഗളൂരു:എടിഎം കാർഡിലെ വിവരങ്ങളും രഹസ്യകോഡും ചോർത്തി(സ്കിമ്മിങ്)യുള്ള പണംതട്ടൽ ബെംഗളൂരുവിൽ വ്യാപകമാകുന്നു. 24 മണിക്കൂറിനിടെ 1.16 ലക്ഷം രൂപയാണ് രണ്ടു മലയാളികൾക്കു നഷ്ടമായത്. ബെംഗളൂരുവിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഇത്തരത്തിൽ ഒട്ടേറെ പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്.
ആർടി നഗർ സുൽത്താൻപാളയ നിവാസി സുജിത് ലാലിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് നാലു തവണയായി 36000 രൂപ പിൻവലിച്ചത്. ബാങ്ക് അക്കൗണ്ടിലെ ബാലൻസ് എത്രയെന്നു വൈകിട്ട് ആറരയോടെ മൊബൈലിൽ സന്ദേശം വന്നിരുന്നു. രാത്രി ഒൻപതരയോടെയാണ് പണം പിൻവലിച്ചെന്ന സന്ദേശങ്ങൾ തുടർച്ചയായി വന്നത്.
ഉടൻ ബാങ്കിൽ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്തു. ബ്രിഗേഡ് റോഡിലെ എടിഎമ്മിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. ഇന്നലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പത്തിലേറെ പേർ സമാന പരാതികളുമായി എത്തിയിരുന്നുവെന്നു സുജിത് പറയുന്നു. സുൽത്താൻപാളയ, ആർടിനഗർ ഭാഗങ്ങളിലെ എടിഎമ്മുകളിൽ നിന്നാണ് പണമെടുക്കാറുള്ളത്.
വ്യാപാര സ്ഥാപനങ്ങളിൽ കാർഡ് ഉപയോഗിച്ച് ഇടപാട് നടത്തുമ്പോഴും കാർഡ് ക്ലോൺ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നു ബാങ്ക് അധികൃതർ പറയുന്നു. ഒറ്റപ്പാലം സ്വദേശിയും കനക്പുര മെയിൻറോഡ് നിവാസിയുമായ എം.ജനാർദനന്റെ 80000 രൂപയാണ് ബുധനാഴ്ച രാത്രി സമാന രീതിയിൽ നഷ്ടപ്പെട്ടത്.
എടിഎം കൗണ്ടറിനുള്ളിൽ ക്യാമറയും മെഷീനിലെ കീപാഡിൽ സ്കിമ്മറും സ്ഥാപിച്ചാണ് കാർഡ് വിവരങ്ങളും രഹസ്യ കോഡും ചോർത്തുന്നത്. കടകളിലെ സ്വൈപിങ് മെഷീനുകൾ വഴി രഹസ്യവിവരങ്ങൾ ചോർത്തിക്കൊടുക്കുന്നവരുമുണ്ട്. രു ദിവസം എടിഎം വഴി പരമാവധി പിൻവലിക്കാവുന്ന തുകയ്ക്കു പരിധി ഉള്ളതിനാൽ രാത്രി 11നും ഒന്നിനും ഇടയിലാണ് വ്യാജ ഇടപാടുകളിലേറെയും നടക്കുന്നതെന്നും അനുഭവസ്ഥർ പറയുന്നു. ഈ സമയത്ത് രണ്ടു ദിവസത്തെ പരമാവധി തുക പിൻവലിക്കാനാകും. അതിനാൽ രാത്രി മൊബൈലിലേക്കു വരുന്ന സന്ദേശങ്ങൾ അവഗണിക്കരുത്. അനധികൃത ഇടപാട് നടന്നുവെന്ന് ഉറപ്പായാൽ ഉടൻ ബാങ്കിന്റെ ഹെൽപ്‌ലൈൻ നമ്പരിൽ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്യുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.