തിരിഞ്ഞുകൊത്തി ഗഡ്കരിയുടെ ചോദ്യം; എല്ലാ ഇന്ത്യക്കാരുടേയും ചോദ്യമിതാണെന്ന് രാഹുല്‍

ന്യൂഡല്‍ഹി: മറാത്ത സംവരണ പ്രക്ഷോഭണവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പ്രസ്താവന ബിജെപിക്കിട്ടുതന്നെ തിരിഞ്ഞു കൊത്തുകയാണ്.

മറാത്ത സംവരണ പ്രക്ഷോഭകര്‍ക്ക് നല്‍കാന്‍ തൊഴില്‍ എവിടെയാണുള്ളതെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ചോദ്യമേറ്റെടുത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നല്ല ചോദ്യമാണ് ഗഡ്കരി ചോദിച്ചതെന്നും എല്ലാ ഇന്ത്യക്കാരും ഇതു തന്നെയാണ് ചോദിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

‘മികച്ച ചോദ്യം ഗഡ്കരിജി, ഓരോ ഇന്ത്യക്കാരനും ഇതേ ചോദ്യമാണു ചോദിക്കുന്നത്, തൊഴിലെവിടെ?’ എന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ മന്ത്രിയോട് ചോദിച്ചത്. ഗഡ്കരിയുടെ പ്രസ്താവനയടങ്ങിയ മാധ്യമവാര്‍ത്തയും ചേര്‍ത്തായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

മറാത്ത സംവരണ പ്രക്ഷോഭകരെ ഉദ്ദേശിച്ചാണ്, സംവരണം നല്‍കിയാലും നല്‍കാന്‍ തൊഴില്‍ എവിടെയാണ്  ഗഡ്കരി പറഞ്ഞത്. സാങ്കേതിക വിദ്യയുടെ വരവോടു കൂടി ബാങ്കുകളില്‍ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു. കൂടാതെ, സര്‍ക്കാര്‍ നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞതിന്‍റെ സാരം. അതുകൂടാതെ,  എല്ലാ സമുദായത്തിലും പാവപ്പെട്ടവരുണ്ട്. അതിനാല്‍, സാമ്പത്തികം പരിഗണിച്ചാകണം സംവരണം നല്‍കേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഇതോടെ, ഭരണത്തില്‍ എത്തിയാല്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ബിജെപിയുടെ വാഗ്ദാനം പൊള്ളയാണെന്നും, ഭരണത്തിലേറും മുന്‍പു നല്‍കിയ വാഗ്ദാനം പാലിക്കുന്നതില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടെന്നുള്ള അഭിപ്രായവുമായി നിരവധി കോണ്‍ഗ്രസ് നേതാക്കളുംരംഗത്തെതിയിരിക്കുകയാണ്.

ഗഡ്കരിയുടെ പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. രാജ്യത്ത് തൊഴിലവസരങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് തുറന്നു പറഞ്ഞതിലൂടെ മോദി സര്‍ക്കാര്‍ പരാജയമാണെന്ന് നിതിന്‍ ഗഡ്കരി തുറന്നു സമ്മതിച്ചിരിക്കുകയാണെന്ന് സി.പി.ഐ.എമ്മും പ്രതികരിച്ചു.

ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു 2014 ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പിയുടെ വാഗ്ദാനങ്ങളിലൊന്ന്. എന്നാല്‍ മോദി അധികാരത്തിലെത്തിയതിന് പിന്നാലെ യു.പി.എ കാലത്തേക്കാള്‍ അവസരങ്ങള്‍ കുറയുകയാണ് ഉണ്ടായത്.

എന്‍.ഡി.എ മുന്നോട്ടുവെച്ച മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയവയൊന്നും തോഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഉപകാരമായില്ല. പകരം നോട്ടുനിരോധനം പോലുള്ള പല തീരുമാനങ്ങളും ചെറുകിട സംരംഭകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us