മംഗളൂരു: ഉഡുപ്പി -ഷിരൂർ മഠാധിപതി ലക്ഷ്മീവര തീർത്ഥയുടെ ആഭരണം സംബന്ധിച്ചും ദുരൂഹത. കഴിഞ്ഞ ജൂലായ് 16 ന് അതിസാരം ബാധിച്ച ശേഷം സ്വയം വാഹനമോടിച്ചാണ് ലക്ഷ്മീവര തീർത്ഥ സ്വാമി ആശുപത്രിയിൽ ചികിത്സക്കെത്തിയത്. മണിപ്പാലിലെ ആശുപത്രിയിൽ ചികിത്സ ആരംഭിക്കും മുമ്പ് അടുത്ത ബന്ധുവിന് ആഭരണങ്ങൾ അഴിച്ചു നൽകിയെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഈ ആഭരണങ്ങൾ ആരുടെ കയ്യിലാണുള്ളതെന്ന് ഇപ്പോഴും വ്യക്തമല്ല. ആഭരണത്തിന്റെ അളവും തൂക്കവും സംബന്ധിച്ചും അറിയുന്നവർ വിരളമാണ്. കഴുത്തിൽ സ്വർണ്ണമാലകളും കയ്യിൽ കങ്കണവും സ്വാമി ധരിക്കാറുണ്ട്. എന്നാൽ ഇത് ആർക്ക് നൽകിയെന്ന് മറ്റ് തെളിവുകളൊന്നും ഇപ്പോൾ ലഭ്യമല്ല. ആഭരണം കയ്യിലുള്ളവർ ഇതുവരേയും അത് വെളിപ്പെടുത്തിയിട്ടുമില്ല.
സി.സി.ടി.വി.യിലെ ഡിജിറ്റൽ വീഡിയോ റിക്കാർഡർ പുഴയിലെറിഞ്ഞത് സംബന്ധിച്ച് സ്വാമിയുടെ അടുത്ത പരിചാരിക രമ്യ ഷെട്ടിയുടെ മകനു നേരെ അന്വേഷണം നീങ്ങുകയാണ്. അതുകൊണ്ടു തന്നെ രമ്യ ഷെട്ടിയും മകനും പൊലീസ് നിരീക്ഷണത്തിലാണ്. ഡി.വി. ആർ. മഠത്തിന് സമീപത്തു കൂടി ഒഴുകുന്ന സ്വർണ്ണ നദിയിലെറിഞ്ഞത് മഠാധിപതിയുടെ മരണം സംബന്ധിച്ച ദുരൂഹത മറച്ച് വെക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പൊലീസ് കരുതുന്നു. ഡി.വി. ആർ. നഷ്ടപ്പെട്ടതു മുതൽ പൊലീസ് അന്വേഷണം അതീവ ഗൗരവത്തോടെയാണ് നീങ്ങുന്നത്. സ്വാമിയെ അപകടപ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ചും പൊലീസിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവെക്കാൻ പൊലീസ് തയ്യാറല്ല. പ്രതികൾ രക്ഷപ്പെടാതിരിക്കാനുള്ള തന്ത്രമാണിതിന് പിന്നിൽ.
മഠാധിപതിയുമായി അടുത്ത ബന്ധമുള്ളവർ തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികൾ എന്ന ചില സൂചനകൾ പൊലീസിന് ലഭ്യമായിട്ടുണ്ട്. ഷിരൂർ മഠം കേന്ദ്രീകരിച്ചു തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഷിരൂർ മഠത്തിന്റെ സ്വത്തുക്കൾ സംബന്ധിച്ചും അതുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ചും അന്വേഷണം തുടരുകയാണ്. ഷിരൂർ മഠാധിപതിയുടെ ദുരൂഹമരണം സമൂഹ സദ്യയിലെ ഭക്ഷ്യവിഷബാധയല്ലെന്നും മറ്റേതെങ്കിലും തരത്തിൽ അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമിച്ചതായിരിക്കാമെന്നും കെമാരു മഠാധിപതി ഇഷ വിറ്റലദാസ് സ്വാമിജി പറഞ്ഞിരുന്നു,. അതോടെ ഈ സ്വാമിജിക്കെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും ഭീഷണി പ്രചരിക്കുകയുണ്ടായി. ഇതിനെതിരെ അദ്ദേഹം ജില്ലാ പൊലീസ് ചീഫ് ലക്ഷ്മൺ നിംബർഗിക്ക് പരാതിയും നൽകിയിട്ടുണ്ട്.
അതേ സമയം മഠത്തിന് കീഴിലുള്ള സ്വത്തുക്കളുടെ വിവരം സംബന്ധിച്ച അന്വേഷണവും പൊലീസ് സമാന്തരമായി നടത്തുന്നുണ്ട്. 2200 ഏക്കർ ഭൂമിക്ക് പുറമേ ഒട്ടേറെ കെട്ടിടങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയെല്ലാം ഷിരൂർ മഠത്തിന്റേതായുണ്ട്. ഇതിലുള്ള ബാഹ്യ ഇടപെടലും അന്വേഷണ പരിധിയിൽ പെടുന്നുണ്ട്. ഷിരൂർ മഠത്തിലേക്കുള്ള പ്രവേശന നിയന്ത്രണം തുടരുകയാണ്. ദൈനംദിന പൂജകൾക്ക് രണ്ട് പൂജാരിമാരും അവർക്ക് പുറമേ ഒരു ജീവനക്കാരനും ഒരു ശുചീകരണ തൊഴിലാളിയും മാത്രമേ മഠത്തിലെ നിത്യ കർമ്മങ്ങൾക്ക് നിയോഗിച്ചിട്ടുള്ളൂ. ഇവരും പൂർണ്ണമായും പൊലീസ് നിരീക്ഷണത്തിലാണ്. ഡി.വി.ആറിലെ വിവരങ്ങൾ ലഭിക്കുന്നതു വഴി അന്വേഷണ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.