ബെംഗളൂരു: കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരെ വിവാദ പ്രസ്താവനയുമായി കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ. കാക്കയും കുരങ്ങും കരടിയും ചെന്നായും ഉൾപ്പെടെ എതിരാളികളെല്ലാം ഒന്നിച്ചുവെന്നും എന്നാൽ കടുവയെ ആണ് അവർ നേരിടേണ്ടതെന്നുമാണ് കാർവാറിൽ പൊതുചടങ്ങിൽ ഹെഗ്ഡെ ആക്ഷേപിച്ചത്. 2019ൽ കുരങ്ങുകളും കഴുതകളുമാണോ കടുവയാണോ ജയിക്കേണ്ടതെന്നു ജനങ്ങൾ തീരുമാനിക്കണം.
ഹെഗ്ഡെയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി ഒട്ടേറെ കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. കടുവ അക്രമാസക്തമായെന്നും അതിനാൽ വനത്തിലേക്ക് ഓടിക്കുമെന്നും മുൻ കേന്ദ്രമന്ത്രി വീരപ്പ മൊയ്ലി പറഞ്ഞു. ഹെഗ്ഡെ ദൈവകുലത്തിൽ നിന്നും തങ്ങൾ കരുങ്ങുകളുടെ പരമ്പരയിൽ നിന്നുമാണുണ്ടായതെന്നു ജലവിഭവ മന്ത്രി ഡി.കെ.ശിവകുമാർ പ്രതികരിച്ചു.
ഇതാദ്യമായല്ല ഹെഗ്ഡെ പ്രസ്താവനകളിലൂടെ വിവാദം സൃഷ്ടിക്കുന്നത്. തനിക്കെതിരെ പ്രതിഷേധം നടത്തിയ ദലിത് സംഘടനാ പ്രവർത്തകരെ കുരയ്ക്കുന്ന പട്ടികളെന്നു വിശേഷിപ്പിച്ചതും ജനങ്ങളെ ധ്രുവീകരിക്കുകയാണ് യഥാർഥ ജനാധിപത്യമെന്നും ഹിന്ദുവിന്റെ താൽപര്യം സംരക്ഷിക്കുകയാണ് ബിജെപിയുടെ കർമമെന്നും ഒരഭിമുഖത്തിൽ പറഞ്ഞതും വിവാദമായിരുന്നു.