ബെംഗളൂരു: നഗരത്തിൽ വൈദ്യുത ബസുകൾക്കുള്ള തടസ്സം നീങ്ങി. വൈദ്യുത ബസുകൾക്കായി ബെംഗളൂരു മെട്രോ പോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന് (ബി.എം.ടി.സി.) സബ്സിഡി നൽകാൻ കേന്ദ്രം അനുവാദംമൂളി. ബി.എം.ടി.സി.യും സ്വകാര്യ കമ്പനിയും വൈദ്യുത ബസുകളുടെ ഉടമകളായിരിക്കണമെന്ന വ്യവസ്ഥയോടെയാണ് കേന്ദ്രം സബ്സിഡി നൽകാമെന്ന് അറിയിച്ചത്. ആദ്യഘട്ടത്തിൽ 80 വൈദ്യുത ബസുകൾ ബെംഗളൂരുവിലെ നിരത്തിലിറങ്ങും. 2014-ൽ പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളുരുവിൽ വൈദ്യുത ബസുകൾ നിരത്തിലിറക്കിയിരുന്നു.
ഫെബ്രുവരിയിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്ക് 150 വൈദ്യുത ബസുകൾ സർവീസ് നടത്താനുള്ള കരാർ ബി.എം.ടി.സി. നൽകിയിരുന്നു. എന്നാൽ, കേന്ദ്രത്തിൽ നിന്ന് സബ്സിഡി ലഭിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു. ഇപ്പോൾ 80 ബസുകൾക്കുള്ള സബ്സിഡിയാണ് കേന്ദ്രം അനുവദിച്ചത്. ബാക്കി ബസുകൾക്കുള്ള സബ്സിഡി അടുത്ത ഘട്ടത്തിൽ ലഭിക്കുമെന്ന് ബി.എം.ടി.സി. മാനേജിങ് ഡയറക്ടർ വി. പൊന്നുരാജ് പറഞ്ഞു.
വൈദ്യുത ബസുകൾക്ക് ബി.എം.ടി.സി. സഹഉടമയായിരിക്കണമെന്ന കേന്ദ്ര നിർദേശത്തിൽ ബി.എം.ടി.സി. ബോർഡ് ചർച്ച ചെയ്ത് തീരുമാനമെടുക്കും. കേന്ദ്രം നിർദേശിച്ചിട്ടുള്ള വ്യവസ്ഥകൾ ബി.എം.ടി.സി.ക്കും സഹഉടമയാകുന്ന സ്വകാര്യ കമ്പനിക്കും ഒരേപോലെ ബാധകമായിരിക്കും. ഒരുമാസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നും പൊന്നുരാജ് അറിയിച്ചു. ബോർഡിന്റെ അംഗീകാരത്തിനു ശേഷം വൈദ്യുത ബസുകൾ ഓടിത്തുടങ്ങാൻ നാലു മാസത്തോളം വേണ്ടിവരും. ബി.എം.ടി.സി.യും സ്വകാര്യ കമ്പനിയും സംയുക്തമായി ബസുകളുടെ റൂട്ടും സമയവും എല്ലാം തീരുമാനിക്കും. സ്വകാര്യ കമ്പനിക്ക് കിലോമീറ്ററിന് 37.5 രൂപവെച്ച് നൽകിയേക്കുമെന്ന് ബി.എം.ടി.സി. അധികൃതർ പറഞ്ഞു.
വാഹനങ്ങളിൽ നിന്നുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് വൈദ്യുത ബസുകൾ നിരത്തിലിറക്കാൻ സർക്കാർ തീരുമാനിച്ചത്. വൈദ്യുത ബസുകൾക്കായി നഗരത്തിൽ ചാർജിങ് സ്റ്റേഷനുകൾ കൂടുതൽ സ്ഥാപിക്കും. നിലവിൽ ചിലയിടങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ ഉണ്ടെങ്കിലും ചെറുസ്വകാര്യ വാഹനങ്ങളാണ് ഇവിടെ നിന്ന് ചാർജ് ചെയ്യുന്നത്. മറ്റു ബസുകളെ അപേക്ഷിച്ച് വൈദ്യുത ബസുകൾ ലാഭകരമാണെന്ന് ഗതാഗത വിദഗ്ധർ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.