ബെംഗളൂരു : യൂണിയൻ പ്രതിനിധികളും ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) അധികൃതരും തമ്മിൽ നടന്ന അവസാന ഒത്തുതീർപ്പു ചർച്ചയും പരാജയപ്പെട്ടതോടെ തിങ്കൾ മുതൽ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി നമ്മ മെട്രോ ജീവനക്കാർ. ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ജീവനക്കാരുടെ ആവശ്യങ്ങളെല്ലാം മാനേജ്മെന്റ് തള്ളിയതായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (ബിഇആർഇയു) വൈസ് പ്രസിഡന്റ് സൂര്യനാരായണ മൂർത്തി പറഞ്ഞു.വൻ സാമ്പത്തിക ബാധ്യത നേരിടുന്നതിനാൽ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനാകാത്ത സാഹചര്യമാണെന്ന നിലപാടിലാണ് ബിഎംആർസിഎൽ.ഇതിനു മുൻപു രണ്ടുവട്ടം ജീവനക്കാർ പണിമുടക്കിലേക്കു നീങ്ങിയെങ്കിലും ഹൈക്കോടതി ഇടപെടലിനെ തുടർന്ന് അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു.
ഇത്തവണയും സമരം ആഹ്വാനം ചെയ്ത തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതിനാൽ ഉച്ചകഴിഞ്ഞായിരിക്കും പണിമുടക്കു തുടങ്ങുകയെന്നും യൂണിയൻ പ്രതിനിധികൾ പറഞ്ഞു.ശമ്പള പരിഷ്കരണം, ജീവനക്കാരുടെ തൊഴിലാളി യൂണിയന് അംഗീകാരം, രാത്രി ജോലിക്കു പ്രത്യേക അലവൻസ്, കരാർ സമ്പ്രദായം അവസാനിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് മുതൽ ജീവനക്കാർ സമര രംഗത്തുള്ളത്.പണിമുടക്ക് ഒഴിവാക്കി ഒരു മാസം കൊണ്ട് ചർച്ചയിലൂടെ പരിഹാരം കാണാൻ ഹൈക്കോടതി നിർദേശിച്ചതനുസരിച്ച് മാനേജ്മെന്റും യൂണിയൻ പ്രതിനിധികളും പത്തോളം പ്രാവശ്യം ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല.
തുടർന്ന് ഏപ്രിൽ അവസാനം മിന്നൽപണിമുടക്കിന് ആഹ്വാനം ചെയ്തെങ്കിലും മേയ് 28നകം ചർച്ചയിലൂടെ പരിഹരിക്കാനും അതുവരെ സമരം നടത്തരുതെന്നും കോടതി വീണ്ടും നിർദേശിച്ചു.എന്നാൽ ഈ ചർച്ചകളും പരിഹാരം കാണാതെ പിരിഞ്ഞു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ഹൈക്കോടതി ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ നിർദേശിച്ചു.എന്നാൽ റീജനൽ ലേബർ കമ്മിഷണർ(സെൻട്രൽ) ഗണപതിഭട്ടിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലും ഇരുകൂട്ടർക്കും സമവായത്തിൽ എത്താനായില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.