കോട്ടയം: നിപാ വൈറസ് ബാധയുണ്ടെന്ന സംശയത്താല്‍ കോട്ടയത്ത് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്പ്രയില്‍ നിന്ന് കോട്ടയത്ത് വന്ന ആളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇയാള്‍ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. സ്രവം വിദഗ്ധ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയക്കും.
കണ്ണൂര്‍ ജില്ലയിലും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്. നിപാ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച നാദാപുരം ചെക്യാത്ത് സ്വദേശി അശോകന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യത്തിലാണ് ജാഗ്രത പുലര്‍ത്തുന്നത്. തലശ്ശേരി ആശുപത്രിയില്‍ അശോകനെ ചികിത്സിച്ച നഴ്സിനും പനി ഉള്ളതിനാല്‍ ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്.
നിപാ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലായി ചികിത്സയിലുള്ളത് 18 പേരാണ്. ഇതില്‍ 17 പേരും കോഴിക്കോട്ടാണുള്ളത്. ഏഴുപേര്‍ വാര്‍ഡിലും ഒരാള്‍ പേ വാര്‍ഡിലും രണ്ടുപേര്‍ ഐ.സി.യു.വിലും ഏഴുപേര്‍ ഒബ്സര്‍വേഷന്‍ വാര്‍ഡിലുമാണുള്ളത്. പന്തിരിക്കര സൂപ്പിക്കടയിലെ മൂസ്സ ബേബി മമ്മോറിയല്‍ ആശുപത്രിയിലും പാലാഴി സ്വദേശി എബിന് മിംസ് ആശുപത്രിയിലും ഗുരുതരാവസ്ഥയിലാണ്. നേരത്തെ മരിച്ച സാബിത്തിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ്സ.
മലപ്പുറം ചങ്ങരംകുളം സ്വദേശിയായ മുപ്പത്തിയഞ്ചുകാരിയെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയില്‍ നിപ പനിയാണെന്ന് കണ്ടെത്തി. രോഗം സ്ഥിരീകരിക്കാന്‍ രക്തം ഹൈദരാബാദിലെ ലാബിലേക്ക് അയച്ചു. ഇവര്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആര്. ബിജുകൃഷ്ണന് പറഞ്ഞു.
എയിംസിലെയും എന്‍.സി.ഡി.സി.യിലെയും വിദഗ്ധരുടെ സഹായത്തോടെയാണ് രോഗപരിചരണത്തിനും നിയന്ത്രണത്തിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നത്. മെഡിക്കല്‍ കോളേജിലെയും മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററിലെയും ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് നടപടികള്‍. അതേസമയം നിപാ വൈറസിനെ നേരിടാന്‍ മരുന്നെത്തിച്ചു. മലേഷ്യയില്‍ നിപായെ നേരിടാന്‍ ഉപയോഗിച്ച റിബാവൈറിന്‍ ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരിക്കുന്നത്.
8000 ഗുളികകളാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് പരിശോധിച്ചതിനു ശേഷം മാത്രമേ ഇത് രോഗികള്‍ക്ക് നല്‍കുകയുള്ളു. എയിംസില്‍നിന്നുള്ള സംഘത്തിന്റെ നിര്‍ദേശപ്രകാരമാകും മരുന്ന് നല്കിത്തുടങ്ങുക. നിപായെ നേരിടാന്‍ അല്പമെങ്കിലും ഫലപ്രദമായ മരുന്നാണ് റിബാവൈറിന്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.