ബെംഗളൂരു : കാട്ടാനകളുടെ വരവു മുൻകൂട്ടി അറിയിക്കാനുള്ള എസ്എംഎസ് സംവിധാനവുമായി കർണാടക വനംവകുപ്പ്. കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയ വനാതിർത്തിഗ്രാമങ്ങളിൽ താമസിക്കുന്നവർക്കാണു പുതിയ മുന്നറിയിപ്പു സംവിധാനം വരുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ബെന്നാർഘട്ടെ വന്യജീവിസങ്കേതം, കനക്പുര റോഡ് എന്നിവിടങ്ങളിൽ നടപ്പിലാക്കിയ പരിഷ്കാരമാണു മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. ചാമരാജ്നഗർ, ബന്ദിപ്പൂർ, നാഗർഹോളെ, സകലേഷ്പുര, മടിക്കേരി, വിരാജ്പേട്ട് എന്നിവിടങ്ങളിലാണു കാട്ടാനകൾ വ്യാപക നാശം വിതയ്ക്കുന്നത്.
സോളർ വൈദ്യുതി വേലികളും കിടങ്ങുകളും കൊണ്ട് ആനകളുടെ വരവു തടയാൻ കഴിയാത്തതിനാലാണു പുതിയ പരീക്ഷണം. സാറ്റലൈറ്റ് സംവിധാനം ഉപയോഗിച്ചാണ് ആനകളുടെ വരവു തിരിച്ചറിയുന്നതെന്നു വൈൽഡ് ലൈഫ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സി.ജയറാം പറഞ്ഞു. ആനകൾ കൂട്ടമായി ഏതു മേഖലയിലേക്കാണു നീങ്ങുന്നതെന്നു മുൻകൂട്ടി അറിയാൻ സാധിക്കും. പ്രദേശവാസികളുടെ മൊബൈൽ ഫോണുകളിലേക്ക് 20 മിനിറ്റ് മുൻപു മുന്നറിയിപ്പ് എസ്എംഎസ് ലഭിക്കും.
വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ ഇതു സഹായിക്കുമെന്നാണു വനംവകുപ്പിന്റെ പ്രതീക്ഷ. ചാമരാജ്നഗർ, കുടക്, മൈസൂരു, ഹാസൻ, ശിവമൊഗ്ഗ ജില്ലകളിൽ ഓരോ വർഷവും കാട്ടാനകളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. വനവിസ്തൃതി ചുരുങ്ങിയതോടെ വെള്ളവും തീറ്റയും തേടിയാണ് ആനകൾ കാടിറങ്ങുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.