ബെംഗളൂരു: മാധുര്യമൂറുന്ന മാമ്പഴ തോട്ടങ്ങൾ സന്ദർശിക്കാൻ ടൂർ പാക്കേജ് ഒരുക്കി കർണാടക മാംഗോ ഡവലപ്മെന്റ് ആൻഡ് മാർക്കറ്റിങ് കോർപറേഷന്റെ മാംഗോ പിക്കിങ് ടൂർപാക്കേജിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.
27ന് ആദ്യ യാത്രയിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. നാല് ബസുകളിലായി 220 സീറ്റുകളാണ് ആകെയുള്ളത്. ജൂണിലെ രണ്ടാംശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് തുടർന്നുള്ള ദിവസങ്ങളിൽ യാത്ര ഒരുക്കിയിരിക്കുന്നത്. മാമ്പഴ തോട്ടങ്ങൾ സന്ദർശിക്കുന്നതിനൊപ്പം കുറഞ്ഞ ചെലവിൽ മാമ്പഴം വാങ്ങാനുള്ള സൗകര്യവും ഉണ്ട്. മാമ്പഴ ഉൽപാദനം ഏറെയുള്ള രാമനഗര, തുമക്കൂരു ജില്ലകളിലെ തോട്ടങ്ങളിലേക്കാണ് യാത്ര.
ഒരാൾക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ ചുരുങ്ങിയത് ആറ് കിലോ മാമ്പഴമെങ്കിലും കർഷകരിൽ നിന്ന് വാങ്ങണം. തിരഞ്ഞെടുപ്പ് തിരക്കിനെ തുടർന്നാണ് മാംഗോ പിക്കിങ് ടൂർ യാത്രകൾ ആരംഭിക്കാൻ ഇത്തവണ വൈകിയത്. രാവിലെ ഒൻപതിനു കബ്ബൺ പാർക്കിലെ വിശ്വേശ്വരയ്യ മ്യൂസിയം ഗേറ്റിൽ നിന്നാണ് യാത്ര ആരംഭിക്കുക. മാമ്പഴത്തോട്ടങ്ങൾ സന്ദർശിക്കുന്നതിനൊപ്പം കർഷകരുമായി ആശയവിനിമയം നടത്താനും അവസരമുണ്ട്.കോർപറേഷനിൽ റജിസ്ട്രേഷൻ നടത്തിയ കർഷകരുടെ മാമ്പഴത്തോട്ടങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ബെംഗളൂരുവിൽ താമസിക്കുന്നവർക്കാണ് അവസരമുള്ളത്. റജിസ്ട്രേഷൻ സമയത്ത് തിരിച്ചറിയൽ രേഖകളും സമർപ്പിക്കണം. വെബ്സൈറ്റ്: www.ksmdmcl.org.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.