ബെംഗളൂരു:കര്‍ണാടക സംസ്ഥാനത്തിന്‍റെ 23-ാം മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരിയപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടക രാജ്ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വജുഭായി വാലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
നേരത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരും മുന്‍പും വന്ന ശേഷവും മെയ് 17-ന് ബെംഗളൂരു നഗരത്തിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വച്ച് ഒരു ലക്ഷം പേരെ സാക്ഷി നിര്‍ത്തി താന്‍ സത്യപ്രതിജ്ഞ ചെയ്യും എന്നായിരുന്നു യെദ്യൂരിയപ്പ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണം സുപ്രീംകോടതി വരെ നീണ്ടതോടെ വളരെ ലളിതമായ ചടങ്ങായി സത്യപ്രതിജ്ഞ ചടങ്ങ് മാറി.
രാജ്ഭവന്‍ അങ്കണത്തില്‍ തയ്യാറാക്കിയ വേദിയില്‍ വച്ച് അധികം ആര്‍ഭാടങ്ങളില്ലാതെയാണ് യെദ്യൂരിയപ്പ അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചടങ്ങിനെത്തിയില്ല. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രദാന്‍, രവിശങ്കര്‍പ്രസാദ്, പ്രകാശ് ജാവദേക്കര്‍, അനന്ത്കുമാര്‍ എന്നിവര്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബിജെപിയുടെ പ്രമുഖ നേതാക്കളാരും രാജ്ഭവനിലുണ്ടായിരുന്നില്ല. യെദ്യൂരിയപ്പ മാത്രമാണ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ഈ മാസം 29 വരെ ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരിയപ്പയ്ക്ക് ഗവര്‍ണര്‍ സമയം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയിലെത്തിയതോടെ യെദ്യൂരിയപ്പയ്ക്കും ബിജെപിയ്ക്കും ഇത് ആശങ്കകളുടെ മണിക്കൂറുകളാണ്. നാളെ രാവിലെ 10.30ന് കോടതി ഹര്‍ജി പരിഗണിക്കുന്പോള്‍ ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് നടത്തുന്ന നിരീക്ഷണങ്ങളും പുറപ്പെടുവിക്കുന്ന ഉത്തരവുകളിലുമാണ് യെദ്യൂരിയപ്പയുടെ ഭാവി.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും അനിശ്ചിത്വത്തിനൊടുവില്‍ ഒരു സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. അര്‍ധരാത്രിയില്‍ സുപ്രീംകോടതി തുറന്ന് നടത്തിയ മാരത്തണ്‍ വാദത്തിനൊടുവിലാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം തള്ളി യെദ്യൂരിയപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്.
രാത്രി പതിനൊന്ന് മണിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടതിന് പിന്നാലെയാണ് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ മൂന്നംഗബെഞ്ചിനെ കോണ്‍ഗ്രസിന്‍റെ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാവ് കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി കോണ്‍ഗ്രസിന് വേണ്ടി വാദിച്ചപ്പോള്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടിയും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ബിജെപിയ്ക്ക് വേണ്ടിയും അര്‍ധരാത്രിയില്‍ കോടതിയിലെത്തി.മണിക്കൂറുകള്‍ നീണ്ട വാദത്തിനൊടുവില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാനോ ഗവര്‍ണറുടെ നടപടി റദ്ദാക്കാനോ തയ്യാറാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി നടപടികള്‍ അടുത്ത ദിവസത്തേയ്ക്ക് മാറ്റിവച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.