കൊല്‍കത്ത: പശ്ചിമ ബംഗാളില്‍ ഇന്ന് നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ ഇതുവരെ 10 പേര്‍ മരിച്ചു.
ദക്ഷിണ 24 പര്‍ഗാനയിലെ കുല്‍ടാലി മേഖലയിലുണ്ടായ ആക്രമണത്തില്‍ ആരിഫ് ഗാസി എന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. കൂടാതെ, ബിർപാരയിൽ ടിഎംസി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ അഞ്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പലയിടത്തും ബൂത്തുകൾ പിടിച്ചെടുക്കാൻ തൃണമൂൽ ശ്രമം നടന്നു. പൊലീസിന് നേരെയും ബോബേറുണ്ടായി. ആളുകളെ പിരിച്ച് വിടാന്‍ പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചു.
നിരവധി സ്ഥലങ്ങളില്‍ ബൂത്ത് കൈയ്യേറ്റം നടക്കുന്നതായും വോട്ടര്‍മാരെ ബൂത്തുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുന്നതായും അക്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ഘട്ടം മുതല്‍ ആരംഭിച്ച അക്രമസംഭവങ്ങളാണ് തിരഞ്ഞെടുപ്പ് ദിനത്തിലും തുടരുന്നത്.
കൂച്ച് ബെഹറില്‍ ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ബോംബ് സ്‌ഫോടനത്തിലേക്ക് നയിക്കുകയും ഇരുപതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വോട്ടു ചെയ്യാന്‍ വന്ന തങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്നാണ് പരിക്കേറ്റവരുടെ മൊഴി.
രണ്ട് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് മര്‍ദനമേറ്റിട്ടുണ്ട്. ഭന്‍നഗറില്‍ മാധ്യമ വാഹനത്തിന് തീവെക്കുകയും കാമറകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ പല വോട്ടിങ് കേന്ദ്രങ്ങളിലും പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തു നടക്കുന്ന അവസാന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഈ തിരഞ്ഞെടുപ്പിന് കല്‍പിക്കുന്നത്. ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത അക്രമങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ബിജെപിയും കോണ്‍ഗ്രസും നേരത്തെ ആരോപിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.