ബെംഗളൂരു : നമ്മ മെട്രോ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള ഹെബ്ബഗോഡിയിലെ ഡിപ്പോ നിർമാണത്തിനുള്ള നിയമതടസ്സങ്ങൾ നീങ്ങുന്നു. ഡിപ്പോ നിർമാണത്തിനു സ്ഥലമേറ്റെടുക്കാൻ കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ബിഎംആർസിഎല്ലിന് അനുമതി നൽകിയിരുന്നു. ഹൊസൂർ റോഡിനോടു ചേർന്ന് 56 ഏക്കറാണ് ഡിപ്പോ നിർമാണത്തിന് ആവശ്യമായി വരുന്നത്.
ഗോപാലൻ ഫൗണ്ടേഷന്റെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് നിയമനടപടികളിലേക്കു നീങ്ങിയത്. സിൽക് ബോർഡ് മുതൽ ബൊമ്മസന്ദ്ര വരെ നീളുന്ന 18.8 കിലോമീറ്റർ വരുന്ന പാതയുടെ ഭാഗമായാണ് ഹെബ്ബഗൊഡിയിൽ ഡിപ്പോ നിർമിക്കുന്നത്. സ്ഥലമേറ്റെടുപ്പിനു മാത്രമായി 1565 കോടി രൂപയാണ് ബിഎംആർസിഎൽ നഷ്ടപരിഹാരമായി നൽകേണ്ടത്. 661 കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും വേണം.