ബെംഗളൂരു: ബിബിഎംപിപരിധിയിലെ ഏഴ് മാലിന്യ സംസ്കരണ പ്ലാന്റുകളും ഒരു മാസത്തിനുള്ളിൽ പൂർണ തോതിൽ പ്രവർത്തനക്ഷമമാക്കണമെന്ന് കർണാടക ഹൈക്കോടതി. പ്ലാന്റുകളുടെ പൂർണ ഉത്തരവാദിത്തം സോണുകളിലെ ജോയിന്റ് കമ്മിഷണർമാർക്കാണ്. സംസ്കരണത്തിൽ വീഴ്ച പറ്റിയാൽ ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ജസ്റ്റിസ് ബി.എസ്. പാട്ടീൽ, ജസ്റ്റിസ് ബി.വി.നാഗരത്‌ന എന്നിവർ പുറപ്പെടുവിച്ച വിധിയിൽ പറഞ്ഞു.
ബിബിഎംപിയുടെ മാലിന്യ സംസ്കരണം ഫലപ്രദമല്ലെന്ന് കാണിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് നടപടി. അടിയന്തരനടപടി സ്വീകരിച്ചതിന്റെ വിശദ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കാൻ ബിബിഎംപി ആരോഗ്യ വിഭാഗം ജോയിന്റ് കമ്മിഷണർ സർഫറാസ് ഖാനോട് കോടതി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സാങ്കേതിക കമ്മിറ്റിക്കാണ് മാലിന്യ സംസ്കരണത്തിന്റെ ചുമതല. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇന്ത്യൻ ഇൻസിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച്, കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ സ്ഥാപനങ്ങളിലെ അംഗങ്ങൾ അടങ്ങിയതാണ് സമിതി. പ്ലാന്റുകളുടെ സുരക്ഷയ്ക്കായി സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും വേണം.
ബിബിഎംപി പരിധിയിൽ കന്നഹള്ളി, സീഗേഹള്ളി, ദൊഡബിദരഹള്ളി, ചിക്കനാഗമംഗല, സുബ്രഹ്മണ്യപാളയ, കുഡ്‍ലു, ലിംഗദീരനഹള്ളി എന്നിവിടങ്ങളിലാണ് മാലിന്യസംസ്കരണ പ്ലാന്റുകൾ പ്രവർത്തിക്കുന്നത്. സംസ്കരണശേഷിയുടെ പാതി മാത്രമേ പല പ്ലാന്റുകളിലും സംസ്കരിക്കുന്നുള്ളൂ. ജീവനക്കാരുടെ ക്ഷാമമാണ് കാരണമായി ബിബിഎംപി പറയുന്നത്. സംസ്കരിച്ചതിന്റെ അവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുന്നത് പരിസര പ്രദേശങ്ങളിലുള്ളവർക്ക് ഏറെ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
രൂക്ഷഗന്ധവും കുടിവെള്ളം മലിനമാകുന്നതുമാണ് പ്രധാന പ്രശ്നം. തടാകങ്ങളുടെ കരയിലുള്ള ഇവിടെ നിന്നുള്ള മാലിന്യം ഒലിച്ചിറങ്ങുന്നത് തടാകത്തിലേക്കാണ്. വേനൽക്കാലത്ത് മാലിന്യകൂമ്പാരത്തിന് തീപിടിക്കുന്നതും പതിവാണ്. ഇവിടെ നിന്നുള്ള പുക ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. പ്ലാന്റിലെ ഉപകരണങ്ങൾ തുടർച്ചയായി തകരാറിലാകുന്നതാണ് സംസ്കരണം മുടങ്ങുന്നതിന് കാരണമായി ബിബിഎംപി ഉന്നയിക്കുന്ന വാദം. നഗരത്തിലെ മാലിന്യങ്ങൾ ഗുഡ്സ് ട്രെയിനിൽ കോലാറിലെ ഉപേക്ഷിച്ച ഖനികളിൽ കൊണ്ടിടാൻ ബിബിഎംപി ആലോചിച്ചിരുന്നെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.