ഇന്ത്യയിലെ ഒട്ടു മിക്ക പ്രദേശങ്ങളിലും ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ താപനില ശരാശരിയിലും ഉയര്ന്നായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. ഇതുവരെ രേഖപ്പെടുത്തപ്പെട്ടതനുസരിച്ച് 2017ല്‍ ആയിരുന്നു ഏറ്റവും കൂടിയ താപനില.
കിഴക്കന്‍ സംസ്ഥാനങ്ങളില്‍ താപനില ശരാശരിയില്‍ ഒതുങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. കൂടാതെ ദക്ഷിണേന്ത്യയില്‍ മണ്‍സൂണ്‍ ഇത്തവണ കൃത്യസമയത്ത് എത്തുന്നതിനാല്‍ കടുത്ത ചൂടിന് അല്പം ശമനം പ്രതീക്ഷിക്കാം.
രാജ്യത്ത് താപനില ഉയര്‍ന്നതിനെതുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി താപനിലയെ ചെറുക്കുവാനുള്ള ഉപാധികള്‍ തങ്ങളുടെ ബുള്ളെറ്റിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ ചിലത് താഴെപ്പറയുന്നവയാണ്
– പകല്‍ സമയം 12 നും 3 നുമിടയില്‍ കഴിവതും വെളിയില്‍ ഇറങ്ങാതിരിക്കുക.
– ധാരാളം വെള്ളം കുടിക്കുക, യാത്രാവേളയില്‍ വെള്ളം കൂടെ കരുതുക
– ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
– വെളിയില്‍ സഞ്ചരിക്കുമ്പോള്‍ കുട, തൊപ്പി, ചെരുപ്പ്, സണ്‍ഗ്ലാസ് മുതലയവ ഉപയോഗിക്കുക
– ലസ്സി, കഞ്ഞിവെള്ളം, മോര്, നാരങ്ങവെള്ളം തുടങ്ങിയവ കൂടെക്കൂടെ കുടിയ്ക്കുക