കൊച്ചി : ലഹരി ഇടപാടിന് പ്രത്യേക ടീം രൂപീകരിച്ച് അദൃശ്യനായി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന ബി.ടെക് വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടി.
ആലപ്പുഴ അരൂര്‍ പള്ളിക്കടവില്‍പറമ്പിൽ വീട്ടില്‍ ഹരികൃഷ്ണന്‍ (24) പോലീസ് പിടിയിലായത്. അഞ്ച് ഗ്രാം എം.ഡി.എം.എ യും ഇയാളിൽ നിന്നും കണ്ടെടുത്തു.
ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് ‘നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ടീം’ എന്ന പേരില്‍ സംഘമുണ്ടാക്കിയായിരുന്നു ഇടപാട് നടത്തി പോന്നത്.
നേരിട്ട് വില്പനയ്ക്കിറങ്ങാതെ ലഹരിപ്പൊതികള്‍ വഴിയരികിലുള്‍പ്പെടെ സുരക്ഷിതമായി വച്ച് സംഘാംഗങ്ങള്‍ക്ക് ലോക്കേഷന്‍ അയച്ചുനല്‍കിയാണ് ഇടപാട് നടത്തിയിരുന്നത്. ടെലിഗ്രാം ആപ്പ് വഴിയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. കോഡ് ഭാഷയായി ‘പണി ഡ്രോപ്പ്ഡ്’ എന്ന കോഡാണ് മയക്കുമരുന്ന് പൊതികള്‍ വച്ചിട്ടുണ്ടെന്നതിന് ഉപയോഗിച്ചിരുന്നത്. പൊതികള്‍ എടുത്തു കഴിഞ്ഞാൽ ‘ടാസ്‌ക് കംപ്ലീറ്റഡ്’ എന്ന് മെസേജും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ലഹരി ബിസിനസ് നടത്തിയതെന്ന് പ്രതി പറഞ്ഞതായും പോലീസ് അറിയിച്ചു.