ബെംഗളൂരു : നമ്മ മെട്രോ രണ്ടാംഘട്ട നിർമാണത്തിനായി ബെന്നാർഘട്ടെ റോഡിലെ ജയദേവ മേൽപാലം പൊളിക്കുന്നതു വൈകും. പാലം പൊളിച്ചതിനുശേഷം നടക്കേണ്ട അനുബന്ധ പ്രവർത്തനങ്ങൾക്ക് കരാറുകാരൻ സജ്ജമാകാത്തതിനെ തുടർന്നാണിത്. നമ്മ മെട്രോ രണ്ടാംഘട്ടത്തിൽപ്പെട്ട ഗോട്ടിഗെരെ–നാഗവാര, ആർവി റോഡ്–ബൊമ്മസന്ദ്ര പാതകളുടെ നിർമാണത്തിനാണ് ഔട്ടർറിങ് റോഡും ബെന്നാർഘട്ടെ റോഡും സന്ധിക്കുന്ന ജയദേവ മേൽപാലം പൊളിച്ചു നീക്കുന്നത്. അടിപ്പാത നിലനിർത്താനും തീരുമാനമായിരുന്നു. രണ്ടു നിര റോഡും മുകളിൽ മെട്രോപാതയും ഉൾപ്പെടുന്ന ബഹുനില മേൽപാതയാണ് നിർമിക്കുക. ഈ മാസം അവസാനത്തോടെ ജയദേവ മേൽപാലം പൊളിക്കാനാണ് തീരുമാനിച്ചിരുന്നത്.
എന്നാൽ അനുബന്ധ ജോലി വൈകുമെന്നതിനാൽ ഇതുവഴി പോകുന്ന ലക്ഷക്കണക്കിനു യാത്രക്കാർക്ക് ഇത് അസൗകര്യമാകും. അതിനാൽ നാലോ അഞ്ചോ മാസം കഴിഞ്ഞേ മേൽപാലം പൊളിക്കുകയുള്ളു എന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) അധികൃതർ സൂചന നൽകി.തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ പാലം പൊളിച്ചുനീക്കി ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതിനെതിരെ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയെന്നാണ് സൂചന. ഐടി ഹബ്ബുകളായ വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക് സിറ്റി ഭാഗങ്ങളിലേക്കു ദിവസേന ലക്ഷക്കണക്കിനാളുകൾ യാത്ര ചെയ്യുന്ന ഔട്ടർറിങ് റോഡിലെയും ഹൊസൂർ റോഡിലെയും ബെന്നാർഘട്ടെ മെയ്ൻറോഡിലെയും വാഹന ഗതാഗതത്തെ ബാധിക്കാതിരിക്കാൻ താൽകാലിക റോഡുകൾ നിർമിക്കേണ്ടതുണ്ട്. ബെന്നാർഘട്ടെ റോഡ് വീതികൂട്ടൽ നടന്നുകൊണ്ടിരിക്കുകയാണ്.
റോഡ് വീതി കൂട്ടുന്നതിനായി ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ വില തിട്ടപ്പെടുത്തുന്ന ജോലികളും പുരോഗമിക്കുന്നു. മേൽപാലം പൊളിക്കും മുൻപു റോഡ് വീതികൂട്ടൽ പൂർത്തിയാക്കേണ്ടതുണ്ട്. മെട്രോ നിർമാണം തുടങ്ങിയാൽ മാരനഹള്ളി റോഡ് വഴി ഗതാഗതം തിരിച്ചുവിടാനാണ് ആലോചന.സിൽക്ക്ബോർഡ് ജംക്ഷൻ മുതൽ ജയനഗർ വരെ മെട്രോപാതയും നാലുവരി റോഡും ഉൾപ്പെടുന്ന ‘ഇന്റഗ്രേറ്റഡ് റോഡ്–കം–റെയിൽ ഫ്ലൈഓവർ’ ഭാവിയിൽ ഔട്ടർറിങ് റോഡിലെ തിരക്കു കുറയ്ക്കാൻ സഹായിക്കുമെന്നാണു കണക്കുകൂട്ടൽ. ആർവി റോഡ്–ബൊമ്മസന്ദ്ര പാതയുടെ ആകെ നീളം 18.8 കിലോമീറ്ററാണ്.ബെംഗളൂരു വികസന അതോറിറ്റി(ബിഡിഎ) 21 കോടി രൂപ ചിലവിൽ നിർമിച്ച ജയദേവ മേൽപാലം 2005ലാണ് ഉദ്ഘാടനം ചെയ്തത്.