ബെംഗളൂരു : നമ്മ മെട്രോ ജീവനക്കാരും ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) അധികൃതരുമായി ചർച്ച തുടങ്ങി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെട്രോ ജീവനക്കാർ കഴിഞ്ഞ മാസം അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് തിങ്കളാഴ്ച ആദ്യവട്ട ചർച്ച നടത്തിയത്. രണ്ടാംവട്ട ചർച്ച ഇന്നു നടക്കും. ഒരു മാസം കൊണ്ടു പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാനാണ് കഴിഞ്ഞ 20നു ഹൈക്കോടതി നിർദേശിച്ചത്.
ബെംഗളൂരു മെട്രോ റെയിൽ എംപ്ലോയീസ് യൂണിയന് ബിഎംആർസിഎൽ അംഗീകാരം നൽകുക, ഇന്ത്യയിലെ മറ്റു മെട്രോ നെറ്റ്‌വർക്കിലെ ജീവനക്കാരുടേതിനു സമാനമായി ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കുക, 1946ലെ ഇൻഡസ്ട്രിയൽ എപ്ലോയ്മെന്റ് നിയമം നടപ്പാക്കുക, ജീവനക്കാർക്കായി പരാതിപരിഹാര സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് മെട്രോ ജീവനക്കാർ ഉന്നയിക്കുന്നത്. ആവശ്യങ്ങളിൽ സമവായം ഉണ്ടാക്കുന്നതിനായി അടിക്കടി ചർച്ച നടത്താനും ഇരുവിഭാഗവും ധാരണയായി.