ബെംഗളൂരു : മൈസൂരു – ബെംഗളൂരു റൂട്ടിൽ ഇലക്ട്രിക് സ്കൈബസ് പദ്ധതി കേന്ദ്രസർക്കാർ പരിഗണിക്കുന്നു. മൈസൂരു – ബെംഗളൂരു ഹൈവേ ആറു വരിയാക്കി വികസിപ്പിക്കുന്നതിനൊപ്പം സ്കൈബസ് പദ്ധതിയുടെയും നിർമാണം ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. റോഡിന്റെ വശങ്ങളിൽ തൂണുകൾ സ്ഥാപിച്ച് അതിനടിയിലൂടെ തൂങ്ങി സഞ്ചരിക്കുന്ന സ്കൈബസിനു പരിഗണിക്കുന്ന നഗരങ്ങളിൽ ദക്ഷിണേന്ത്യയിൽനിന്നു ബെംഗളൂരു മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്.
ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച സ്കൈബസ് ഇന്ത്യയിൽ കൊങ്കൺ റെയിൽവേയാണ് ആദ്യമായി ഗോവൻ നഗരമായ മഡ്ഗാവിൽ പരീക്ഷിച്ചത്. എന്നാൽ 2004 സെപ്റ്റംബറിൽ പരീക്ഷണ ഓട്ടത്തിനിടെ കോൺക്രീറ്റ് തൂൺ തകർന്നുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിക്കുകയും മൂന്നുപേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെ പദ്ധതിയിൽനിന്നു കൊങ്കൺ റെയിൽവേ പിൻമാറി. ഡൽഹിയിൽ സ്കൈ ബസ് പാതയുടെ നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.
സ്കൈബസുകൾക്കായുള്ള തൂണുകളുടെ നിർമാണത്തിനു കിലോമീറ്ററിന് 50 കോടി രൂപ മതിയാകുമെന്നാണു കണക്കുകൂട്ടൽ. മെട്രോ റെയിൽപാതയുടെ നിർമാണ ചെലവിന്റെ പാതി മാത്രമേ സ്കൈബസ് പദ്ധതിക്കു വേണ്ടിവരുകയുള്ളൂ. ഡൽഹിയിൽ സ്കൈ ബസ് പാതയുടെ നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.ഇപ്പോൾ ബെംഗളൂരുവിൽനിന്നു മൈസൂരു വരെ എത്താൻ കാർമാർഗം മൂന്നര മണിക്കൂറും ട്രെയിനിൽ മൂന്നു മണിക്കൂറും ബസിൽ നാലു മണിക്കൂറിലധികവും വേണം. കെങ്കേരി, ബിഡദി, രാമനഗര, ചന്നപട്ടണ, മദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് മൈസൂരു – ബെംഗളൂരു ഹൈവേ കടന്നുപോകുന്നത്.
ബെംഗളൂരുവിനെയും കൊട്ടാരനഗരത്തെയും ബന്ധിപ്പിക്കുന്ന സ്കൈബസ് പദ്ധതി യാഥാർഥ്യമായാൽ ഇരുനഗരങ്ങൾക്കും ഇടയിലുള്ള യാത്രാസമയം ഒരു മണിക്കൂറായി കുറയും. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം. ഒരു ബോഗിയിൽ പരമാവധി 150 യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന സ്കൈബസിൽ ആറ് ബോഗികൾ വരെ ഘടിപ്പിക്കാം. പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് മാത്രമേ സ്റ്റോപ്പ് ഉണ്ടാകുകയുള്ളൂ. സ്കൈബസിൽ കയറാൻ എലിവേറ്റഡ് സ്റ്റേഷനുകൾ സ്ഥാപിക്കും.ശീതീകരിച്ച ബോഗിയിൽ യാത്രക്കാർക്കായി ഓട്ടോമാറ്റിക് ഡോറുകളും സ്റ്റേഷനുകൾ അറിയിക്കാൻ ഓട്ടോമാറ്റിക് ഡിസ്പ്ലേ യൂണിറ്റുകളും ഉണ്ടാവും. യാത്രക്കാരന് ഇറങ്ങേണ്ട സ്റ്റേഷനിലെത്തിയാൽ സ്മാർട്ട് കാർഡ് ഉപയോഗിച്ചു വേണം പ്ലാറ്റ്ഫോമിനു പുറത്തേക്കു പ്രവേശിക്കാൻ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.