ബെംഗളൂരു : നമ്മ മെട്രോ ജീവനക്കാർ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കിനു പരിഹാരം തേടി യൂണിയൻ നേതാക്കളും മാനേജ്മെന്റും റീജനൽ ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. 19നു വീണ്ടും ചർച്ച നടക്കും. ഇതിനിടെ പണിമുടക്ക് ഉണ്ടായാലും നമ്മ മെട്രോ സർവീസുകൾ മുടങ്ങില്ലെന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) ഉറപ്പു നൽകി.
അടിയന്തര സാഹചര്യത്തിൽ സർവീസ് നടത്താൻ പരിശീലനം ലഭിച്ച 92 പേരുണ്ട്. പണിമുടക്ക് ഉണ്ടായാൽ ഇവരെ ഉപയോഗിച്ച് സർവീസ് നടത്താനാണ് നീക്കമെന്നു ബിഎംആർസിഎൽ എംഡി മഹേന്ദ്രജെയിൻ പറഞ്ഞു. രാജ്യത്തെ മറ്റു മെട്രോകളിൽ നിന്നുള്ള ജീവനക്കാരെ ഉപയോഗിക്കാൻ ഉദ്ദേശ്യമില്ല. ഇപ്പോൾ പരിശീലനം നടന്നുകൊണ്ടിരിക്കുന്ന ബാച്ചിനെയും നിയോഗിച്ചേക്കും. ഒരു യൂണിയന്റെയും ഭാഗമല്ലാത്തതിനാൽ ഇവർക്കു സമരത്തിൽ പങ്കെടുക്കാനാകില്ല. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഇവരുടെ പരിശീലനം അതിവേഗം പൂർത്തിയാക്കി വരികയാണ്.
അതിനിടെ, പണിമുടക്കുന്നവർക്കെതിരെ അവശ്യ സേവന സംരക്ഷണ നിയമം (എസ്മ) പ്രയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ ബിഎംആർസിഎൽ ഹൈക്കോടതിയെ സമീപിച്ചു. സ്റ്റേഷനുകളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ സുരക്ഷ ഏർപ്പെടുത്തുമെന്നു ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയും സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽ കുമാറും ഉറപ്പു നൽകിയിട്ടുണ്ട്.
സമരത്തിന് ആഹ്വാനം ചെയ്ത ജീവനക്കാരെ അനുനയിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ജീവനക്കാരുമായി ചർച്ച നടക്കുന്നുണ്ടെന്നും അവരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കുന്നതായും മഹേന്ദ്രജെയിൻ പറഞ്ഞു. എന്നാൽ, ഇതിന്റെ പേരിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ല. ദിവസേന 3.7 ലക്ഷം പേരാണ് മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നത്.
ജനങ്ങൾക്കുള്ള അവശ്യ സേവനത്തെ ബാധിക്കുന്നതായതിനാലാണ് മെട്രോ സർവീസിനെ എസ്മയുടെ പരിധിയിൽ കൊണ്ടുവന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 22 മുതലാണ് മെട്രോ ജീവനക്കാർ അനിശ്ചിത പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.