മൊട്ടുകൾ പാതി വിടർന്ന’പൂമരം’.. വിരിയാൻ വൈകിയതാണോ…?ചങ്കൂറ്റം നിറഞ്ഞ പരീക്ഷണ ശ്രമങ്ങൾ അനുചിതമോ..? തിരകഥയിലെ ദുർബ്ബലത കല്ലുകടിയാകുന്നു…വായിക്കാം പൂമരം റിവ്യൂ..

റിയലിസ്റ്റിക്ക് സിനിമയുടെ ശ്രേണിയിൽ പടം എടുക്കുന്ന നവാഗത സംവിധായകരിൽ എബ്രിഡ് ഷൈൻ എങ്ങനെ കയറികൂടി എന്നു ചോദിച്ചാൽ മുൻപ് ഇറങ്ങിയ രണ്ടു ചിത്രങ്ങൾ വിവരിക്കും..1983, ആക്ഷൻ ഹീറോ ബിജു.. എന്നിവ തന്നെ.. ഗൃഹാതുരത്വം തുളുമ്പുന്ന ക്രിക്കറ്റ് മാമാങ്കവും സ്ഥിരം പോലീസ് ക്ളീഷെ കഥകളിൽ നിന്ന് വഴി മാറി യാഥാർഥ്യത്തോട് നീതി പുലർത്തി നമ്മുടെ തനതായ നിയമപാലന സംവിധാനവും അഭ്രപാളിയിൽ ഒരുക്കിയ അദ്ദേഹം ഇക്കുറി തിരഞ്ഞെടുത്തത് ക്യാമ്പസ് മേഖല ആയിരുന്നു..

മലയാള ചിത്രങ്ങങ്ങളുടെ പരമ്പരാഗത സമവാക്യങളിൽ നിന്ന് വഴിമാറി വളരെയേറെ വ്യത്യസ്ത ആ മേക്കിങ്ങിന് അവകാശപ്പെടാൻ കഴിയുമെന്നതിനാലും, റിലീസിനു നാളുകൾക്ക് മുൻപ് പുറത്തിറങ്ങി കേരളക്കരയാകെ ഏറ്റു പാടിയ ‘ ഞാനും ഞാനുമെന്റാളും ‘ എന്ന ഗാനവും.. മികച്ച ബാലനടനായി അരങ്ങേറ്റം കുറിച്ചു പ്രേക്ഷകന്റെ മനം കവർന്ന കാളിദാസ് ജയറാം എന്ന താരപുത്രന്റെ യൗവനത്തിലെ അരങ്ങേറ്റവും ഓരോ സിനിമാ പ്രേമിക്കും കാത്തിരിക്കാൻ കാരണമുള്ള ചിത്രമാക്കി ‘പൂമരം’….എന്നാൽ റിലീസിന്റെ കാലതാമസം ഏതൊരു ചിത്രത്തിന്റെയും ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന പോലെ ‘പൂമരത്തിനും ‘സംഭവിച്ചുവെന്ന് പറയാൻ കഴിയുമോ..അതോ റിയലിസ്റ്റിക്ക് മേക്കിംഗിന്റെ ചാരുതയിൽ എല്ലാ വെല്ലുവിളികളേയും കാറ്റിൽ പറത്താൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞുവോ..?

യൂണിവേഴ്‌സിറ്റി കലോൽസവം എന്ന കലാ മാമാങ്കത്തിനു തിരി തെളിയുന്ന വേളയിൽ..സ്ഥിരം ജേതാക്കളാകുന്ന കേരളത്തിലെ രണ്ട് പ്രമുഖ കോളേജുകളും മത്സര വീര്യവും, അധ്വാനവും അവരുടെ നിറമുള്ള ചിന്തകളും ,വിചിന്തനങ്ങളും ചേരുവിധം കൂട്ടിയിണക്കി ഓരോ പ്രേക്ഷകനെയും സാക്ഷിയാക്കിയുള്ള ഒരു യാത്ര തന്നെയാണ് ഇത്തവണയും എബ്രിഡ് ഒരുക്കിയിരിക്കുന്നത്..വ്യക്തമായി പറഞ്ഞാൽ മഹാരാജാസ്, അതേ പേരിലും
സെന്റ് തെരേസാസ് എന്ന കോളേജ് അൽപ്പം മാറ്റം വരുത്തി സെന്റ് ട്രീസാസ് എന്നു മഹാത്മ ഗാന്ധി സർവകലാശാല ,മഹാത്മ സർവകലാശാല എന്നും രൂപമാറ്റം നടത്തിയാതൊഴിച്ചാൽ.. വിവാദപരമായ ഒരു കാഴ്ച്ചപ്പാടും ചിത്രത്തിൽ ഒരിടത്തും കാണാൻ കഴിയില്ല.. ഒരു
ലക്ഷണമൊത്ത ക്യാമ്പസ് ചിത്രങ്ങളുടെ ശ്രേണിയിൽ പൂമരത്തിനെ ചേർത്തു വെയ്ക്കുക തന്നെ ചെയ്യാം.. എന്നിരുന്നാലും മേൽപ്പറഞ്ഞ ക്യാമ്പസിന്റെ ചൂര് എന്താണെന്ന് അറിഞ്ഞ ഒരുവന് ഈ പൂമരത്തിന്റെ സുഗന്ധം ആവോളം ആസ്വദിക്കാൻ കഴിഞ്ഞേക്കും..
ഇന്നത്തെ ഒരു പ്രധാന ട്രെൻഡ് എന്താണെന്ന് ചോദിച്ചാൽ ചെങ്കൊടിയുടെ ചുവപ്പ് വാരി പൂശി എറണാകുളം ക്യാമ്പസുകൾ എല്ലാം തന്നെ ‘നാടൻ ക്യൂബ’ആക്കുക എന്ന ശൈലി ആണല്ലോ.. ഒടുവിൽ രക്തത്തിൽ തന്നെ അമിത വിപ്ലവ വീര്യം നിറഞ്ഞു വല്ലാത്ത ബുദ്ധിമുട്ട് ആണ് സത്യസന്ധമായി ഒരു പ്രേക്ഷകൻ അനുഭവിക്കുന്നത്..

അങ്ങനെ നോക്കിയാൽ പൂമരത്തിന്റെ ട്രീറ്റ്‌മെന്റിനു തന്നെ നൽകാം നിറഞ്ഞൊരു കൈയടി..രാഷ്ട്രീയ പാർട്ടികളെ എല്ലാം തന്നെ താത്കാലികമായി ഒരു ഭാഗത്തേക്ക് നീക്കി നിർത്തി , കുട്ടികളുടെ ഉള്ളിലെ സർഗ്ഗാത്മകതയെ ആണ് ഇക്കുറി അണിയറപ്രവർത്തകർ.വിഷയമാക്കി യിരിക്കുന്നത് ..അത്തരത്തിൽ നോക്കിയാൽ ചിത്രം ഒരു വിജയം തന്നെയാണ്..

ഒരു കലോൽസവ വേദിയിൽ കണ്ണോടിച്ചാൽ ലഭിക്കുന്ന ഫീൽ എന്താണെന്ന് കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും അനുഭവഭേദ്യമാകുമെന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത..

പക്ഷെ ഒരു ഭാഗത്ത്‌ സംവിധാന മികവിന്റെ ഗുണങ്ങൾ വിവരിക്കുമ്പോൾ മറുഭാഗത്ത് തിരകഥയിലെ പാളിച്ചകളും എടുത്തു പറയണം.. കലോൽസവ നഗരിയിലെ കാഴ്ചകളിൽ സത്യം പറഞ്ഞാൽ പലപ്പോഴും ഏച്ചു കെട്ടലുകൾ പ്രേക്ഷകനു അനുഭവപ്പെടും..സിറ്റു വേഷണൽ കോമഡിക്ക് വേണ്ടി ശ്രമിക്കുന്ന പലയിടത്തും പാളി പോകുന്നതായി കാണാം..

അഭിനേതാക്കളിൽ കാളിദാസ് അവതരിപ്പിക്കുന്ന ‘ഗൗതമൻ’ എന്ന മഹാരാജാസ് കോളേജ് ചെയർമാൻ തരക്കേടില്ലാത്ത രീതിയിൽ തന്നെ അദ്ദേഹം അവതരിപ്പിച്ചു.എന്നാൽ നായകൻ എന്ന നിലയിൽ ഒരു ബ്രാൻഡ് ആയി കാളിദാസിന്റെ ഈ കഥാപാത്രത്തിനു അവകാശപ്പെടാൻ കഴിയുമോ എന്നത് സംശയമാണ്..(അല്ലെങ്കിലും അഭിനയ കളരിയിൽ നിന്നു തന്നെ വരുന്ന ഈ യുവ നടന്റെ ഭാവഭിനയം തുലാസിൽ വെച്ചു അളന്നു നോക്കേണ്ട കാര്യമൊന്നുമില്ലല്ലോ..)

സംവിധായകന്‍ എബ്രിഡ് ഷൈന്‍

‘പൂമരം’ ഒരു കലോത്സവ ആവേശമാണ്..ഓരോ കുട്ടികളിലും ആ സമയത്ത് വിടരുന്ന മത്സരാവേശവും..ആട്ടവും, പാട്ടും,റിഹേഴ്‌സലും പ്രണയവുമൊക്കെ സമ്മേളിക്കുന്ന കൗമാര മാമാങ്കം… അതോടൊപ്പം കലയും കലോൽസവം കാണാനെത്തുന്നവർക്കും എന്താണ് നാം നല്കേണ്ടത് എന്നും ചിത്രം പറഞ്ഞു വെയ്ക്കുന്നു..കവിതകൾ ഉൾകൊള്ളിച്ചുള്ള ചില ധീര പരീക്ഷണങ്ങളും ചിത്രത്തിൽ ഉടനീളം കാണാമെന്നത് മറ്റൊരു സവിശേഷത ആണ്..

അനുഭവിക്കൂ…സ്നേഹ സൗഹൃദങ്ങൾ പ്രണയമായി മൊട്ടിടുന്ന ട്വിസ്റ്റുകളും , രാഷ്ട്രീയ കാഹളം മുഴക്കുന്ന വിപ്ലവ കൗമാരങ്ങളും മാത്രമല്ല കലാലയങ്ങളിലേക്ക് ലെൻസ് തിരിച്ചാൽ ലഭിക്കുന്നത്..ഇതുപോലെയുള്ള ജീവസ്സുറ്റ ദിനങ്ങളും ലഭിക്കുമെന്നു എബ്രിഡ് ഷൈൻ എന്ന സംവിധായകൻ പറയാതെ പറയുന്നു…

ഇതിൽ അധ്യാപകനായ ഗൗതമന്റെ അച്ഛൻ അവനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.. മത്സര വീര്യം വേണം.. പക്ഷെ ആ വീര്യത്തിന്റെ തീവ്രതയിൽ കാട്ടി കൂട്ടുന്ന ചില വിക്രിയകൾ അല്ലെങ്കിൽ ആവേശങ്ങൾ പിന്നീട്‌ ഒരു വിദ്യാർത്ഥിയുടെ ആണെങ്കിലും ഭാവിയെ പ്രതികൂലമായി ബാധിക്കാൻ ഇടയായാൽ ഒരു നേതൃത്വവും വെറും പാഴ് ജന്മങ്ങൾ മാത്രമാണ്‌ എന്ന ഓർമ്മപ്പെടുത്തൽ..ഒടുവിൽ
ക്ളൈമാക്സിൽ നൽകുന്ന സന്ദേശമാണ്‌ പൂമരം എന്ന ചിത്രത്തിന്റെ ‘കാതൽ’..

വ്യക്‌തമാക്കുന്നു ..ഒരു കലാലയത്തിലെ എല്ലാ മേഖലകളിലും സ്പർശിച്ചു പോകുന്ന എബ്രിഡ് ഷൈൻ എന്ന ക്രാഫ്റ്റ് മാന്റെ രാഷ്ട്രീയം..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us