യൂണിയൻ നേതാക്കളുമായി ചർച്ചയില്ല ജീവനക്കാരുമായി നേരിട്ട് ചർച്ച, എസ്മ പ്രയോഗിക്കും,മറ്റ് മെട്രോകളിൽ നിന്ന് ജീവനക്കാരെ ഇറക്കുമതി ചെയ്യും;സമരത്തെ നേരിടാൻ ബഹുമുഖ തന്ത്രങ്ങളുമായി ബി.എം.ആർ.സി.എൽ.

ബെംഗളൂരു : ശമ്പളവർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നമ്മ മെട്രോ ജീവനക്കാർ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കു നേരിടാൻ സർക്കാർ മെട്രോ ട്രെയിൻ സർവീസിനെ അവശ്യസേവനം ഉറപ്പാക്കൽ നിയമത്തിൽ (എസ്മ) ഉൾപ്പെടുത്തി വിജ്ഞാപനമിറക്കി. 22 മുതലുള്ള അനിശ്ചിതകാല പണിമുടക്കു പിൻവലിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) ജീവനക്കാരുമായി ചർച്ചയും നടത്തുന്നു.

യൂണിയൻ പ്രതിനിധികളെ ഒഴിവാക്കി ജീവനക്കാരെ അനുനയിപ്പിക്കാനാണ് ശ്രമം. ദിവസേന മൂന്നരലക്ഷത്തിലേറെ പേർ യാത്ര ചെയ്യുന്ന മെട്രോ സർവീസുകൾ സമരത്തിൽ സ്തംഭിക്കാതിരിക്കാൻ രാജ്യത്തെ മറ്റു മെട്രോകളിലെ ജീവനക്കാരുടെ സഹായം തേടുന്ന കാര്യവും പരിഗണനയിൽ. എസ്മ പ്രയോഗിച്ചാൽ, സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാരെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കാനുള്ള നടപടികൾ സ്വകരിക്കാം. മറ്റൊരു എസ്മ കേസിൽ ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ ഇതിനു ബാധകമാവുകയുമില്ല. പണിമുടക്കുമായി മുൻപോട്ടു പോയാൽ സർവീസ് തടസ്സപ്പെടാതിരിക്കാൻ മറ്റു മാർഗങ്ങളും ബിഎംആർസിഎൽ തേടുന്നു.

രാജ്യത്തെ മറ്റു മെട്രോകളിൽ നിന്നുള്ള ജീവനക്കാരെ ഉപയോഗിച്ചു സർവീസ് നടത്തുകയാണ് ഇതിലൊന്ന്. അവശ്യഘട്ടത്തിൽ ട്രെയിൻ ഓടിക്കാൻ പരിശീലനം ലഭിച്ച 60 ഉദ്യോഗസ്ഥരും രംഗത്തുണ്ട്. സർവീസ് തടസ്സപ്പെടാതിരിക്കാൻ പൊലീസ് ആവശ്യത്തിനു സുരക്ഷയും ഉറപ്പുനൽകി. ജീവനക്കാർ പണിമുടക്കുന്ന സാഹചര്യം ഉണ്ടായാൽ എല്ലാ മെട്രോ സ്റ്റേഷനുകളിലും അധികസുരക്ഷ ഏർപ്പെടുത്തണമെന്ന് ബിഎംആർസിഎൽ ആഭ്യന്തര വകുപ്പിനോടു നേരത്തേ ആവശ്യപ്പെട്ടിരുന്നു.

യൂണിയൻ പ്രതിനിധികളെ ഉൾപ്പെടുത്താതെ ജീവനക്കാരുമായി ചർച്ചചെയ്തു പ്രശ്നം പരിഹരിക്കാനും ശ്രമം നടക്കുന്നുണ്ട്. ഓരോ വിഭാഗത്തിലെയും ജീവനക്കാരുടെ പ്രതിനിധികളുമായാണു ചർച്ച നടത്തുക. ജീവനക്കാരല്ലാത്ത പുറമെനിന്നുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് അധികൃതർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us